ആയിരം കടന്ന് വീണ്ടും, സമ്പർക്കബാധിതരുടെ എണ്ണം ആയിരത്തോളം

തിരുവനന്തപുരം സ്വദേശിയായ 53 കാരനാണ് മരിച്ചത്

Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1100 കടന്നു. സമ്പർക്കബാധിതരുടെ എണ്ണം ഇന്ന് ആയിരത്തോട് അടുത്തിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 991 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

തിരുവനന്തപുരം ജില്ലയിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 363 ആണ്. മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ആകെ 977 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 126 പേർക്കും കാസർഗോട്ട് 113 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളത്തും ഇന്ന് 100ൽ അധികം പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. 126 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം നേമം സ്വദേശിയായ 53 കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ 11 ആയി വർധിച്ചു.

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 688 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 11,342 പേരാണ്. ഇതുവരെ 14,467 പേർ രോഗമുക്തി നേടി. ഇന്ന് 30 പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 25 പ്രദേശങ്ങളെ ഒഴിവാക്കി.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ മരണം 82 ആയെന്നും ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 377
  എറണാകുളം – 128
  മലപ്പുറം – 126
  കാസര്‍ഗോഡ് – 113
  കോട്ടയം – 70
  കൊല്ലം – 69
  തൃശൂര്‍ – 58
  കോഴിക്കോട് – 50
  ഇടുക്കി – 42
  ആലപ്പുഴ – 38
  പാലക്കാട് – 38
  പത്തനംതിട്ട – 25
  വയനാട് – 19
  കണ്ണൂർ – 16

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചർ

 • തിരുവനന്തപു-363
  മലപ്പുറം- 113
  കാസര്‍ഗോഡ്-110
  എറണാകുളം-79
  കോട്ടയം-70
  കൊല്ലം-51
  തൃശൂര്‍- 40
  കോഴിക്കോട്-39
  പാലക്കാട്- 36
  ആലപ്പുഴ- 24
  ഇടുക്കി- 23
  പത്തനംതിട്ട-18
  വയനാട്- 18
  കണ്ണൂര്‍-7

രോഗമുക്തി നേടിയവർ

 • കൊല്ലം-168
  കോഴിക്കോട്-93
  തിരുവനന്തപുരം-66
  തൃശൂര്‍-63
  കണ്ണൂര്‍-55
  മലപ്പുറം-44
  കോട്ടയം- 39
  എറണാകുളം- 37
  ഇടുക്കി-30
  കാസര്‍ഗോഡ്-30
  പാലക്കാട്-29
  വയനാട്-19
  ആലപ്പുഴ- 15

1,45,777 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 22,028 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,26,042 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1541 പേരുടെ ഫലം വരാനുണ്ട്.

30 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുന്‍സിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ്. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്ക് ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് വിവരം.

തടവുകാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് തന്നെ കോവിഡ് പരിശോധന നടത്തും.

പ്രസിഡന്റിന് കോവിഡ്; ഏലപ്പാറ പഞ്ചായത്ത് ഓഫീസ് അടച്ചു

പ്രസിഡന്റിനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി ഏലപ്പാറ പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡന്റിന്റെ ഭാര്യയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫീസ് അണുവിമുക്‌തമാക്കിയ ശേഷമേ ഇനി തുറക്കൂ. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പഞ്ചായത്ത് ഓഫീസിലെത്തിയ എല്ലാവരോടും ക്വാറന്റെെനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്

ജില്ലയിൽ ശനിയാഴ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്. ആന്റിജൻ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് പോസിറ്റീവ് ആയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു.

കീഴ്‌മാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കീഴ്‌മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി.കെ.ഗോപി മരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു. നേരത്തെ ഹൃദയശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് ഇദ്ദേഹം. സമ്പർക്കപട്ടിക വിപുലമാണെന്നാണ് സൂചന.

കാസർഗോഡ് ഒരു കോവിഡ് മരണം കൂടി

കാസർഗോഡ് ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

കുടുംബാംഗങ്ങളെല്ലാം രോഗബാധിതർ; മരിച്ച പട്ടാമ്പി സ്വദേശിയെ ഏറ്റെടുക്കാൻ ആളില്ല

കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. ഇക്കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് ജില്ലാ കലക്ടര്‍ അറിയിക്കുന്നത്.

പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരനാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത്. ഭാര്യയും, മക്കളും ഉൾപ്പെടെ അടുത്ത ഏഴ് ബന്ധുക്കൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,723 ആയി. മരണസംഖ്യ 37,364 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 853 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് നിലവിൽ 5,67,730 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 11,45,629 പേർ കോവിഡ് മുക്തരായി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 322 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,601 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി.

തിരുവനന്തപുരത്ത് 1094 പേർ കൂടി നിരീക്ഷണത്തിൽ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 1,904 പേർ രോഗനിരീക്ഷണത്തിലായി. 1,825 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,078 പേർ വീടുകളിലും 897 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 341 പേരെ പ്രവേശിപ്പിച്ചു. 343 പേരെ ഡിസ്ചാർജ് ചെയ്തു.

മലപ്പുറത്ത് 126 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 117 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരുകയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 44 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,412 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 13 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

കാസർഗോട്ട് 113 പേർക്ക് കോവിഡ്

കാസർഗോഡ് ജില്ലയിലെ 113 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 110 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ. 30 പേർ രോഗ മുക്തി നേടി

തൃശൂരിൽ 58 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേർ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച 63 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേർ കോവിഡ് നെഗറ്റീവായി.
ഉറവിടം അറിയാത്ത ഒരു കേസടക്കം സമ്പർക്കത്തിലൂടെ 51 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.

കോഴിക്കോട്ട് 50 പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2) 50 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി.

ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്. മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24), പുല്‍പ്പള്ളി പഞ്ചായത്ത് (4), തിരുനെല്ലി (15), കണിയാമ്പറ്റ (5), പടിഞ്ഞാറത്തറ (1, 8, 12, 13, 16), നൂല്‍പ്പുഴ (14, 15, 16, 17), നെന്മേനി (1), അമ്പലവയല്‍ (5, 6, 7, 8, 13, 18), കോട്ടത്തറ (5), പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13) എന്നിവയാണ് മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.

കണ്ണൂരിൽ 16 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് പേര്‍ക്കും പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ക്ലസ്റ്ററിലെ ഏഴ് പേരുള്‍പ്പെടെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news august 02 updates live

Next Story
നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം; ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം
The moderation of comments is automated and not cleared manually by malayalam.indianexpress.com