തിരുവനന്തപുരം/ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡ് ഭീഷണിയിലേക്ക്. കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ ദിവസങ്ങളിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഞായറാഴ്ച മാത്രം രാജ്യത്ത് 46,951 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടിയിലധികമായി. സജീവ കേസുകളുടെ എണ്ണം 3.34 ലക്ഷമായി ഉയർന്നു. 1.11 കോടിയിലേറെയാണ് രോഗമുക്തി.
രാജ്യത്തെ കോവിഡ് കേസുകളില്‍ 62 ശതമാനത്തിലേറെ മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്. 30,535 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
മഹാരാഷ്ട്രയില്‍ ഒറ്റദിവസം മാത്രം 25,833 കേസുകള്‍ രേഖപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച മുപ്പതിനായിരം കടന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതതരുടെ എണ്ണം 24,79,682 ആയി ഉയര്‍ന്നു.
പ്രതിദിന രോഗികളുടെ കാര്യത്തിൽ, മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ പൂനെയിലും മുംബൈയിലും കഴിഞ്ഞവർഷം മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലത്തേത്. പൂനെയിൽ 5,421 പേർക്കും മുംബൈയിൽ 3,775 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ഇതുവരെ 3.62 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 23,448 പേർ ചികിത്സയിലാണ്.
Also Read: 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2251 പേർക്ക് രോഗമുക്തി
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ പഞ്ചാബാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ. പഞ്ചാബിൽ ഇന്നലെ 2,669 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 17നുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. സെപ്റ്റംബർ 17നു 2,896 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
രാജ്യത്ത് ഇന്നലെ ഇരുന്നൂറിലേറെ കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ജനുവരി 12നു ശേഷം ആദ്യമായാണ് ഇത്രയും മരണങ്ങൾ സ്ഥിരീകരിക്കുന്നത്. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 99 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 53,399 ആയി ഉയർന്നു. പഞ്ചാബിൽ ഇന്നലെ 44 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 6,324 ആയി ഉയർന്നു.
മഹാരാഷ്ട, പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത് പുതിയ കോവിഡ് തരംഗത്തിന്റെ സൂചനയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡൽഹി, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തിന്റെ സൂചനകൾ പ്രകടമാണ്. ഡൽഹിയിൽ ഇന്നലെ 800 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണം; അതീവ ജാഗ്രത തുടരണം
അതേസമയം, കേരളത്തിൽ രോഗമുക്തരുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2251 പേർ രോഗമുക്തരായി. ഇതുവരെ 10,74,805 പേര് രോഗമുക്തി നേടിയപ്പോൾ 24,620 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 13 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
കോഴിക്കോട് -241, കണ്ണൂര്‍- 182, തൃശൂര്‍- 173, കൊല്ലം- 158, തിരുവനന്തപുരം- 155, എറണാകുളം- 154, കോട്ടയം- 144, മലപ്പുറം- 139, പത്തനംതിട്ട- 115, ഇടുക്കി- 112, ആലപ്പുഴ- 108, കാസര്‍ഗോഡ്- 79, പാലക്കാട്- 77, വയനാട്- 38 എന്നിങ്ങനെയാണ് ഇന്നലെ വിവിധ ജില്ലകളിലെ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം. 44,675 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗമുക്തരുടെ എണ്ണം: കോഴിക്കോട്- 350, കൊല്ലം- 292, കണ്ണൂര്‍- 215, തൃശൂര്‍- 199, തിരുവനന്തപുരം- 177, പത്തനംതിട്ട- 177, ആലപ്പുഴ- 161, മലപ്പുറം- 136, എറണാകുളം- 130, കോട്ടയം- 120, പാലക്കാട്- 112, കാസര്‍ഗോഡ്- 78, വയനാട്- 53, ഇടുക്കി- 51.