കൊച്ചി: കാസർഗോഡ് നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് കർണാടക സർക്കാർ. രോഗികളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ കേരള ഹൈക്കോടതിയിൽ ആവർത്തിച്ച് വ്യക്തമാക്കി.

അതിർത്തി റോഡുകൾ അടച്ച് കാസർഗോഡ് നിന്നുള്ള രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് കർണാടകം നിലപാട് വ്യക്തമാക്കിയത്. അതിർത്തികൾ അടച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു.

കർണാടകയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നിലപാട് മനഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടി. മറ്റ് രോഗങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. മംഗലാപുരം റെഡ് സോണായി രാവിലെ പ്രഖ്യാപിച്ചെന്നും എജി കോടതിയെ അറിയിച്ചു.

കൂർഗിലും മംഗലാപുരത്തും ഇനി ആളുകളെ ഉൾക്കൊള്ളാനാവില്ല. ഒരു പ്രദേശത്തെ മറ്റൊരു പ്രദേശവുമായി വേർതിരിക്കലാണ് പ്രധാനമെന്നും കർണാടക ചൂണ്ടിക്കാട്ടി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും കേന്ദ്ര സർക്കാർ എന്തെങ്കിലും നിർദേശം നൽകിയാൽ പാലിക്കാമെന്നും കർണാടകം അറിയിച്ചു.

‘കൊറോണ’യെന്ന് മിണ്ടരുത്; വാക്ക് നിരോധിച്ച് ഒരു രാജ്യം

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമല്ല ഇതെന്നും കേരള ഹൈക്കോടതി ഒരു ഉത്തരവിട്ടാൽ കർണാടകത്തിന് അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും കേരളം വ്യക്തമാക്കി. മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായാൽ കോടതിക്ക് ഇടപെടാൻ അവകാശമുണ്ടെന്നും കേരളം വാദമുയർത്തി. കോവിഡ് മൂലം മാത്രമല്ല ആളുകൾ മരിക്കുന്നതെന്നും മറ്റ് അസുഖങ്ങൾ മൂലം ആളുകൾ മരിക്കുന്നുണ്ടെന്നും
ഒരു ഡോക്ടർ കോവിഡ് രോഗിയെ മാത്രമേ പരിശോധിക്കാൻ പറ്റൂ എന്ന് പറയാനാവുമോയെന്നും കോടതി ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട സിറ്റിങ് ഇന്നു വൈകീട്ട് അഞ്ചരയ്‌ക്ക് വീണ്ടും ചേരും. അതിനു മുൻപ് ചീഫ് സെക്രട്ടറിമാരുടെ ചർച്ചയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിമാരുടെ സംഭാഷണം സ്വാഗതാർഹമെന്ന് കർണാടക പ്രതികരിച്ചു.

Read Also: സോപ്പുകളിലും സാനിറ്റൈസറുകളിലുമുള്ള ആല്‍ക്കഹോള്‍ വൈറസുകളെ കൊല്ലുന്നതെങ്ങനെ?

മംഗലാപുരത്ത് സ്ഥലം ഇല്ലെന്ന വാദത്തെ കേരളം എതിർത്തു. മംഗലാപുരത്ത് സ്ഥലം ഇല്ലെങ്കിൽ ദക്ഷിണ കന്നഡ അല്ലെങ്കിൽ മൈസൂർ എന്നീ സ്ഥലങ്ങളിൽ ആളുകളെ കൊണ്ട് പോകാം. അവിടെയും ആശുപത്രികൾ ധാരാളം ഉണ്ട്. മംഗലാപുരത്ത് സ്ഥലം ഇല്ല എന്ന് പറയുന്നതിൽ ന്യായമില്ലെന്നും കേരളം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

Read Also: ലോക്ക് ഡൗണ്‍: വടക്ക് കര്‍ണാടകത്തിന്റെ ക്രൂരത; തെക്ക് തമിഴരായ രോഗികളെ കടത്തിവിട്ട് കേരളത്തിന്റെ മനുഷ്യത്വം

കർണാടകം അതിർത്തികൾ അടച്ചിട്ടതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കേന്ദ്ര നയങ്ങൾക്ക് എതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും പിണറായി സംസാരിച്ചിരുന്നു. എന്നാൽ, കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി ഇതേ കുറിച്ച് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.