തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയവരെ പരിശോധിച്ചപ്പോഴാണ് ഇവർക്ക് വെെറസ് ബാധയുണ്ടെന്ന കാര്യം വ്യക്‌തമായത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ദുബായിൽ നിന്നു എത്തിയവരാണ്.

വിമാനത്താവളത്തിൽ സാധാരണ പരിശോധന നടത്തിയപ്പോഴാണ് ഇവർക്ക് കോവിഡ് ഉണ്ടെന്ന് മനസിലായത്. ഇവർ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സ്ഥിതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, റാപ്പിഡ് ടെസ്റ്റ് കൊണ്ടുവരുന്നതോടെ എല്ലാവരേയും പരിശോധിക്കാമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണമില്ലാത്തവരും പരിശോധനയ്ക്ക് വിധേയമാകും. ഏതെങ്കിലും തരത്തിൽ വെെറസ് ബാധയുണ്ടോ എന്ന കാര്യം റാപ്പിഡ് ടെസ്റ്റിലൂടെ അറിയാൻ സാധിക്കും.

Read Also: നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കും

അതേസമയം, രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ഏകദേശം ആയിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 1649 ആണ്. എന്നാൽ, ഇതിനേക്കാൾ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 41 പേരാണ്.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 33 കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച ഇത് 82 ആയിരുന്നു. ഡൽഹിയിലും സ്ഥിതി മോശമാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഡൽഹിയിലെ ആശങ്കയ്‌ക്ക് കാരണം.

ഇന്നലെ മാത്രം കേരളത്തിൽ 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Read Also: നിയമപോരാട്ടം വിജയം കണ്ടു; കാസർഗോഡ് അതിർത്തി തുറന്നു

സംസ്ഥാനത്ത് ഇതുവരെ 265 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 26 പേർക്ക് രോഗം ഭേദമാവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ആകെ 237 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 164130 പേരാണ്. ഇതിൽ 163508 പേർ വീടുകളിലും 622 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.