വയനാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട്, ഇടുക്കി, കൊല്ലം അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി. പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

വയനാട്ടിൽ ഇന്നും കർശന നിയന്ത്രണങ്ങൾ തുടരും. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന ശക്തമായി തുടരുകയാണ്. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്.

ഇടുക്കി ജില്ല അതിർത്തിയിലെ 28 വാർഡുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയ 40 പേർ മൂന്നാറിലും വട്ടവടയിലുമായി നിരീക്ഷണത്തിലാണ്. പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.

Read More: കോവിഡ് ബാധിതർ 25 ലക്ഷം കടന്നു; ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎൻ

കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുകയാണ്. തമിഴ്‌നാട് പുളിയൻകുടിയിൽ നിന്ന് വന്ന ശേഷം കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ 31കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ യാത്ര വിവരം മറച്ചുവച്ച് പ്രാദേശികമായി ഇടപഴകുകയും ചെയ്തു. ഇതോടെ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാൽനടയായും പച്ചക്കറി ലോറിയിലുമായാണ് ഇയാൾ അതിര്‍ത്തി കടന്നുപോയത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കി. ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. ഈ യുവാവ് ഉൾപ്പെടെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളില്‍ രോഗബാധിതര്‍ കൂടുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെന്നൈയില്‍ തമിഴ് ചാനലിലെ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അമ്പതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. അതേസമയം വാരാണസിയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍,തിരുപ്പൂര്‍,തേനി,തിരുനൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇവയെല്ലാം കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ്. എന്നത് ആശങ്കയേറ്റുന്നു. ഈ സാഹചര്യത്തിൽ അതിർത്തിജില്ലകളിൽ പൊലീസ് കർശന നിരീക്ഷണവും പരിശോധനയുമാണ് നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook