തിരുവനന്തപുരം: ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതകൾ തേടി സംസ്ഥാന സർക്കാർ. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആലോചന. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ഡോക്ടർമാരുടെ മേൽനോട്ടത്തോടെയായിരിക്കും വീട്ടിലെ രോഗികളുടെ നിരീക്ഷണം.
കോവിഡ് ഗുരുതരമായി ബാധിക്കാത്തവരെ മാത്രമേ വീടുകളിൽ നിരീക്ഷിക്കൂ. ഓഗസ്റ്റ് മാസത്തോടെ കോവിഡ് രോഗികളുടെ എണ്ണം 12,000 ത്തിലേക്ക് എത്തുമെന്നാണ് സൂചന. വിദേശത്തു നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളിൽ വലിയൊരു ശതമാനം പേർക്കും രോഗമുണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയൊരു സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
Read Also: ‘കപ്പേള’ നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് പുറത്ത്; ട്വിറ്ററിൽ വൻ പ്രചരണം
മൂന്ന് മുതൽ അഞ്ച് ശതമാനം വരെ രോഗബാധിതരിൽ മാത്രമാണ് കോവിഡ് അതിരൂക്ഷമാകുന്നത്. ഇങ്ങനെയുള്ളവർക്കാണ് ആശുപത്രികളിൽ മുൻഗണന നൽകുക. വിദേശരാജ്യങ്ങളിൽ പലയിടത്തും കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന രീതിയുണ്ട്.
അതേസമയം, കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1082 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3849 പേർക്കാണ്. സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 28.1 ശതമാനം വരും കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്ത് അതീവ ജാഗ്രത
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ്റുകാൽ (70-ാം വാർഡ്), കുരിയാത്തി (73-ാം വാർഡ്), കളിപ്പാൻ കുളം (69-ാം വാർഡ്), മണക്കാട് (72-ാം വാർഡ്), ടാഗോർ റോഡ് തൃക്കണ്ണാപുരം (48-ാം വാർഡ്), പുത്തൻപാലം വള്ളക്കടവ് (88-ാം വാർഡ്) എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും.
ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പൊതുവിടങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതുവരെ സമ്പര്‍ക്കത്തിലൂടെ എട്ടുപേരും ഉറവിടമറിയാതെ 16 പേര്‍ക്കും തലസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.