കണ്ണൂർ: കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്‌സെെസ് ഡ്രൈവർ മരിച്ചു. ബ്ലാത്തൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.

എക്‌സെെസ് ഡ്രെെവറുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്ക് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.  സമ്പർക്കപ്പട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്.  ഇദ്ദേഹം ഈ മാസം 12 വരെ മട്ടന്നൂർ എക്‌സെെസ് ഓഫീസിൽ ജോലി ചെയ്‌തിരുന്നു.

Read Also: ഇന്ത്യയിൽ ഒറ്റദിവസം 12,881 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 366,946

12 നു വെെകീട്ട് പനിയും ശ്വാസതടസവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഇവിടെനിന്ന് 14ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു.

ആറ് ജില്ലകളിൽ ആശങ്ക

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഇത്തരത്തിൽ 60 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതേക്കുറിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനു നിർദേശം നൽകി. രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Read Also: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യത: റിപ്പോര്‍ട്ട്‌

സർക്കാർ കണക്കുപ്രകാരം മാർച്ച് 23 മുതൽ ജൂൺ ആറ് വരെയുള്ള കോവിഡ് ബാധിതരിൽ 60 പേരുടെയാണ് രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തത്. മേയ് നാലുമുതൽ ജൂൺ ആറുവരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 കേസും. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ. ഈ ആറ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

Read Also: കേരള തീരത്ത് അതിശക്തമായ കാറ്റിനു സാധ്യത; ഞായറാഴ്‌ച വരെ മഴ തുടരും

തിരുവനന്തപുരത്ത് മരിച്ച പള്ളി വികാരി, കൊല്ലത്ത് മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചയാൾ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി, കണ്ണൂർ ധർമടത്ത് മരിച്ച സ്ത്രീയുടെയും കുടുംബാംഗങ്ങളുടേയും രോഗബാധ, ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർഗോട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.