തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച 12 കേസുകളിൽ 11 എണ്ണവും സമ്പർക്കം വഴിയാണ് എന്നത് പ്രത്യേക സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണമെന്ന് തന്നെയാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്നും നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഈസ്‌റ്റർ, വിഷു എന്നീ ആഘോഷങ്ങളൊക്കെയാണ് വരുന്നത്. ഇത്തരം ദിവസങ്ങളിൽ നിയന്ത്രണങ്ങൾ മറികടക്കരുത്. സുരക്ഷിതരാണ് എന്ന അമിത ആത്മവിശ്വാസം വേണ്ട. അശ്രദ്ധയോടെ പെരുമാറരുത്. രോഗവ്യാപന തോത് കുറഞ്ഞതുകൊണ്ട് നിയന്ത്രണങ്ങൾ ലംഘിക്കാം എന്ന് ചിന്തിക്കരുത്. ഗൗരവം മനസിലാക്കണം. ഈസ്റ്ററിനും വിഷുവിനും കര്‍ശനമായി ശാരീരിക അകലം പാലിക്കണം. കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്. എല്ലാവരും നിർദേശങ്ങൾ പാലിക്കണം. ” മുഖ്യമന്ത്രി പറഞ്ഞു. ദുഖഃവെള്ളിയാഴ്‌ചയായതിനാൽ നാളെ വാർത്താസമ്മേളനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ത്യാഗസ്മരണയിൽ ദുഃഖവെളളി; ചരിത്രവും പ്രാധാന്യവും

സംസ്ഥാനത്ത് ഇന്ന് 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ സമ്പർക്കം വഴി രോഗബാധിതരായവരും ഒരാൾ വിദേശത്തു നിന്ന് എത്തിയ ആളുമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹ്യവ്യാപനത്തിലേക്ക് രോഗബാധ കടന്നിട്ടില്ല എന്നുകരുതി ആളുകൾ ജാഗ്രത പാലിക്കുന്നത് കുറയ്‌ക്കരുതെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന 13 പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രോഗം ഭേദമായവരിൽ ആറ് പേർ എറണാകുളത്തുള്ളവരാണ്. കണ്ണൂരിൽ മൂന്ന് പേർക്ക് രോഗം ഭേദമായി. ഇടുക്കി, വയനാട് ജില്ലകളിൽ രണ്ട് വീതം ആളുകൾക്കാണ് ഫലം നെഗറ്റീവ് ആയത്.

Read Also: കർഫ്യൂ കാലത്ത് രോഗങ്ങൾ ഗണ്യമായി കുറഞ്ഞതായി സൗദിയിലെ ഡോക്ടർമാർ

കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ പൊതു കമ്പോളത്തിൽ നിന്ന് വായ്പ ലഭ്യമാക്കേണ്ടിവരും. ഇതിനായി സ്പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ടിന് അനുമതി നൽകണമെന്നും വായ്പാ പരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.