കടുത്തുരുത്തി: കമ്മ്യൂണിറ്റി കിച്ചണ്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയേണ്ടി വരുന്നവര്‍ക്കു പട്ടിണി ഉണ്ടാകാതിരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശാനുസരണം കടുത്തുരുത്തി പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലായി ആവശ്യാനുസരണമുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഇന്നു രാവിലെ കടപ്പൂരാന്‍ ഹാളില്‍ ആദ്യ കിച്ചണ്‍ ഉദ്ഘാടനം ചെയ്യും. ആശ്രയയില്‍ രജിസ്റ്റര്‍ ചെയ്ത 171 പേരുള്‍പ്പെടെ ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ പറഞ്ഞു.

Read More: കൊറോണയിൽ കുലുങ്ങി യുഎസ്; രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ

കോവിഡിനെ ചെറുക്കാൻ നിരവധി മാർഗങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 22 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരെ ഉൾപ്പെടുത്തി സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2,36,000 പേരടങ്ങുന്ന സന്നദ്ധ സേനയെയാവും സംസ്ഥാന വ്യാപകമായി രൂപീകരിക്കുക. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകരുണ്ടാവും. 87 മുനിസിപ്പാലിറ്റികളിൽ 500 വീതവും ആറ് കോർപ്പറേഷനുകളിൽ 750 വീതവും സന്നദ്ധ പ്രവർത്തകരാണുണ്ടാകും. 22നും 40നും ഇടയിലുള്ള യുവാക്കൾ ഈ ചുമതല ഏറ്റെടുക്കാൻ തയ്യാറാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 137 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്, 12 പേർ നേരത്തെ രോഗം ഭേദമായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലാണ്. കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും തൃശൂരിൽ രണ്ടു പേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ 102003 ആളുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 601 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറോണയുടെ ഏത് ഘട്ടത്തെയും നേരിടുന്നതിനുള്ള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുന്നതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകളുണ്ട് 5607 ഐസിയു സൗകര്യവുമുണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുണ്ട്. ഇതിൽ ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.