തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഉന്നതതലയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് എട്ട് ജില്ലകൾ കോവിഡ് മുക്തം
കേരളത്തിൽ എട്ട് ജില്ലകൾ ഇപ്പോൾ കോവിഡ് മുക്തമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം
ആലപ്പുഴ
കോട്ടയം
മലപ്പുറം
തൃശൂർ
കോഴിക്കോട്
എറണാകുളം
പത്തനംതിട്ട
കൂടുതൽ രോഗികൾ കണ്ണൂർ ജില്ലയിൽ
സംസ്ഥാനത്ത് 469 പേര് ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 30 പേരാണ് ചികിത്സയിലുള്ളത്. കണ്ണൂർ ജില്ലയിൽ 16 പേർ ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. സംസ്ഥാനത്ത് ആറു ജില്ലകളിലാണ് കോവിഡ് ബാധിതര്‍ ഇപ്പോഴുള്ളത്. 14,670 പേര് നിരീക്ഷണത്തിലുണ്ട്. 14,402 പേര് വീടുകളിലും 268 പേര് ആശുപത്രികളിലുമാണ്. ബുധനാഴ്ച 1154 സാമ്പിളുകള്‍ പരിശോധന നടത്തി. മുന്‍ഗണനാ വിഭാഗത്തിലെ 2947 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 2147 സാമ്പിളുകള്‍ നെഗറ്റീവാണ്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുമായി രണ്ട് വിമാനങ്ങൾ നാളെ എത്തും
ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് നാളെ രണ്ട് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാന സർവീസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗർഭിണികൾക്ക് ഇളവ്
മടങ്ങിയെത്തുന്ന പ്രവാസികളിൽ ഗർഭിണികളായവർക്ക് ഇളവുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തു നിന്ന് എത്തുന്നവർ സർക്കാർ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ കഴിയണം. ഗർഭിണികൾക്ക് മാത്രമാണ് ഇതിൽ ഇളവ്. അവർക്ക് നേരെ വീടുകളിലേക്ക് പോകാം. ഗർഭിണികൾ വീടുകളിൽ ക്വാറന്റെെനിൽ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നടപടി
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക നോൺ-സ്റ്റോപ് ട്രെയിൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ പലയിടത്തും കുടുങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15ന് മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്.” ഈ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
“സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര് ഡല്‍ഹിയിലും 348 പേര് പഞ്ചാബിലും 89 പേര് ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്.” ഡല്‍ഹിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖമന്ത്രി പറഞ്ഞു.
“ഇത് സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.” കേന്ദ്ര സര്‍ക്കാരുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പത്ത്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കാൻ ആലോചന
10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പു ആരംഭിച്ച പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംവിധാനം ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കും.
സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍പോലും ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയിലുണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച് സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്കൂളുകള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറക്കും
മേയ് 13 മുതൽ സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി. സംസ്ഥാനത്ത് മദ്യനിരോധനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.