ഇടുക്കി: കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ.സി.ജോസഫ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിച്ചതാണെന്ന് കെ.സി.ജോസഫ് തന്നെ പറഞ്ഞു. എംഎൽഎയ്‌ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും പ്രതിരോധ നടപടിയെന്നാണമാണ് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ താമസിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. നിയമസഭയിലും ഇയാൾ പോയിരുന്നു. എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ.സി.ജോസഫിന്റെ മുറിയിൽ ഇയാൾ എത്തിയിരുന്നു. കെ.സി.ജോസഫ് എംഎൽഎയുമായി ഏറെ നേരം ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കെ.സി.ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. എംഎൽഎയ്‌ക്ക് രോഗലക്ഷണങ്ങളില്ലെന്ന് ഡോക്‌ടർമാരും പറഞ്ഞു.

Read Also: അവസാനമായി ഒന്നു തൊടാൻ പോലും അനുവദിച്ചില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

കോവിഡ് ബാധിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് ഇന്നലെയാണ് പുറത്തുവിട്ടത്. മിനിഞ്ഞാന്നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിയമസഭയിലെത്തി എംഎൽഎമാരുമായി അടക്കം ഇദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.

മാർച്ച് 11 നാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു. എംഎൽഎ ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ചു. തിരുവനന്തപുരത്തു നിന്ന് പെരുമ്പാവൂരിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്‌തു.

Read Also: എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു, ഭക്ഷണം കഴിച്ചു, നിയമസഭയിൽ പോയി; ഇടുക്കിക്കാരന്റെ റൂട്ട് മാപ്പ്

ഇയാളുടെ യാത്രാവിവരങ്ങൾ അറിഞ്ഞ ശേഷം മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: “ഇടുക്കിയിലെ കോവിഡ് ബാധിതന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആ പൊതുപ്രവർത്തകൻ സഞ്ചരിച്ചിട്ടുണ്ട്. തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, മൂന്നാർ, കാസർഗോഡ് തുടങ്ങി നിരവധി സ്ഥലങ്ങൾ. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ ഒരു പൊതുപ്രവർത്തകനിൽ നിന്നുണ്ടാകേണ്ട പ്രവൃത്തിയായിരുന്നോ ഇത്?” ഇടുക്കിയിലെ കോവിഡ് ബാധിതൻ മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റാണ്. രാഷ്ട്രീയ നേതാക്കളുമായി നല്ല അടുപ്പമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.