കാസർഗോഡ്: കോവിഡ്-19 സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് ഇന്നറിയാം. കാസർഗോഡാണ് ഇന്ന് നിർണായകം. ജില്ലയിൽ സാമൂഹ്യവ്യാപനത്തിനു സാധ്യകൾ ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കാസർഗോഡ് ആണ്.

ജില്ലയിലെ 77 പേരുടെ ഫലം ഇന്നു ലഭിക്കുമെന്നാണ് ജില്ലാ കലക്‌ടർ സജിത് ബാബു പറഞ്ഞത്. നിലവിൽ 45 രോഗികളാണ് ജില്ലയിലുള്ളത്. ഇതിൽ ഒരാള്‍ രോഗവിമുക്തനായി. ആശുപത്രിയിൽ ചികിത്സയിലുള്ള 44 പേരെ മൂന്നുതവണ കൂടി പരിശോധിക്കും. മൂന്നാം ഫലവും നെഗറ്റീവ് ആയ ശേഷമേ അവരെ വീടുകളിലേക്ക് വിടുകയുള്ളൂ. അതിനുശേഷവും 28 ദിവസം ഇവരെ ക്വാറന്റെെനിൽ പ്രവേശിപ്പിക്കും.

Read Also: കോവിഡ്-19 പ്രതിരോധം: കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നത് സാമൂഹ്യ അകലം പാലിച്ച്

ഇപ്പോൾ ചികിത്സയിലുള്ളവരിൽ 41 പേരും വിദേശത്തു നിന്ന് എത്തിയവരാണ്. ഇവരുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷിക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തിയവർ വഴി കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ആശങ്ക. ഇന്നത്തെ ഫലങ്ങൾ ലഭിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ആശങ്ക അകലും. അതേസമയം, കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കാസർഗോഡ് ജില്ല കടന്നുപോകുന്നത്. കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.

നിരോധനാജ്ഞ പ്രകാരം ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. എല്ലാ തരം പ്രകടനങ്ങളും ധര്‍ണ്ണകളും മാര്‍ച്ചുകളും നിരോധിക്കും. ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവയും അനുവദിക്കില്ല. സ്‌കൂള്‍, കോളേജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസ്സുകളും ക്യാംപുകള്‍, ചര്‍ച്ചകള്‍, വിനോദയാത്രകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്. കായിക മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ നടത്താന്‍ പറ്റില്ല. വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കില്ല. ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും നിരോധനം ബാധകമാണ്.

Read Also:Explained: എന്താണ് ഹാന്റാവൈറസ്?

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കൂ. എന്ത് ആവശ്യത്തിനാണു പുറത്തിറങ്ങുന്നതെന്ന് സത്യവാങ്‌മൂലം നൽകണം. ജില്ലയിലെ കടകൾ രാവിലെ 11 മുതൽ വെെകീട്ട് അഞ്ച് വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.