കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന കണ്ണൂർ ജില്ലയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. “ഇപ്പോഴുള്ള ജാഗ്രത പോരാ, ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. സർക്കാരും ഭരണകൂടവും മാത്രം പ്രവർത്തിച്ചാൽ രോഗവ്യാപനം തടയാൻ സാധിക്കില്ല. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണം. അശ്രദ്ധ കാണിക്കരുത്” ജില്ലാ കലക്‌ടർ ടി.വി.സുഭാഷ് മുന്നറിയിപ്പ് നൽകി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കലക്‌ടറുടെ പ്രതികരണം.

ചില കോവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് കണ്ണൂരിൽ ഇപ്പോൾ ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 14 കാരന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

കണ്ണൂർ ജില്ലയിൽ ഇപ്പോൾ 123 രോഗികൾ ചികിത്സയിലാണ്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 14,946 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ൽ കൂടുതൽ കോവിഡ് കേസുകൾ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുൻപ് നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ അഞ്ച്- 111,ജൂൺ ആറ്- 108, ജൂൺ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.