കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത. വാഹനഗതാഗതം നിര്‍ത്തി വയ്ക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്‌റ്ററന്റുകളും അടച്ചിട്ടു. രാവിലെ 7 മുതല്‍ രാത്രി 9 വരെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഇന്ത്യന്‍ ഓയില്‍, ബിപിസിഎൽ, എച്ച്പിസി എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ തുറക്കും. മാഹിയില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കില്ല. കെഎസ്ആർടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചു. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടുന്നില്ല.

മെഡിക്കൽ സ്റ്റോറുകൾ തുറക്കും. എന്നാൽ, 65 വയസിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിച്ചു. അവശ്യ സർവീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്.

Read Also: കോവിഡ്-19: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം;  84,000 പേര്‍ക്കൊരു ഐസോലേഷന്‍ കിടക്ക മാത്രം

ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ജനതാ കര്‍ഫ്യൂ പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടത്തില്ല. വീട്ടില്‍ കഴിയുന്നവര്‍ ശുചീകരണം നടത്തുകയും രോഗപ്രതിരോധത്തിനുള്ള സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.