കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയുന്ന ആയിരക്കണക്കിനു പേരെ ദിവസവും വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയെന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ സമയം ആവശ്യമുള്ള ജോലിയാണ്. എന്നാല്‍ ഇതിനൊരു എളുപ്പ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ ഭരണകൂടം. മനുഷ്യാധ്വാനം പാഴാക്കുന്നതിനുപകരം, ഇന്ററാക്‌ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐവിആര്‍) വഴിയുള്ള ഓട്ടോമേറ്റഡ് കോളുകളാണു ക്വാറന്റൈനില്‍ കഴിയുന്നവരെ തേടിയെത്തുന്നത്.

ഒരു മിനിറ്റില്‍ താഴെയുള്ള ഓട്ടോമേറ്റഡ് കോളുകളില്‍ ഒരുകൂട്ടം ചോദ്യങ്ങള്‍ക്കാണു ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉത്തരം നല്‍കേണ്ടത്. നേരിയ ചുമ, പനി അല്ലെങ്കില്‍ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, അവരോട് ഒന്ന് എന്ന അക്കം അമര്‍ത്താന്‍ ആവശ്യപ്പെടും. ഈ ലക്ഷണങ്ങള്‍ കടുത്ത തോതിലാണെങ്കില്‍ രണ്ട് അമര്‍ത്തണം. കടുത്ത ന്യൂമോണിയയെ സൂചിപ്പിക്കുന്ന, കഫത്തില്‍ രക്തം കാണുകയാണെങ്കില്‍ മൂന്നാണ് അമര്‍ത്തേണ്ടത്. മറ്റു ലക്ഷണങ്ങളുള്ളവര്‍ നാല് അമര്‍ത്താം.

Read Also: Covid-19: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 19 പേർക്ക് രോഗമുക്തി

സര്‍ക്കാരിന്റെ രോഗനിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണെന്ന് അറിയിച്ചുകൊണ്ട് തുടങ്ങുന്ന കോള്‍ അവസാനം വരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അറിയിക്കും. ഇത്തരം കോളുകളില്‍നിന്നു ലഭിക്കുന്ന ഐവിആര്‍ ഡേറ്റ ഒരു അനലിറ്റിക്കല്‍ ടൂളിലൂടെ പ്രോസസ് ചെയ്യും. തുടര്‍ന്ന് ഡാഷ്ബോര്‍ഡില്‍ പ്രതിഫലിക്കും. ഇതിലൂടെ ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും വിലയിരുത്താന്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കും.

കോവിഡ്-19 ആലപ്പുഴയില്‍ സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ ഇരുന്നൂറോളം പേരെയാണു വീടുകളില്‍ ഒറ്റപ്പെടുത്തിയിരുന്നത്. ഇവരെ കലക്ടറേറ്റില്‍ നിയന്ത്രണ സെല്ലില്‍നിന്ന് നിരീക്ഷണ ഉദ്യോഗസ്ഥര്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയെന്നതു പ്രയാസകരമായിരുന്നില്ല. എന്നാല്‍ വൈറസിന്റെ രണ്ടാം തരംഗത്തില്‍ ക്വാറന്റൈനിലുള്ളവരുടെ എണ്ണം ആറായിരമായി ഉയര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതേത്തുടര്‍ന്നാണു നിരീക്ഷണത്തിലുളളവരെ വിളിക്കാനും വിവരങ്ങള്‍ വിലയിരുത്താനുമായി സാങ്കേതികവിദ്യ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചിച്ചത്.

”ക്വാറന്റൈനില്‍ കഴിയുന്നവരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ 10 മുതല്‍ 20 വരെ ആളുകളെ നിയോഗിച്ചു. എന്നിട്ടും വേണ്ടത്ര ആളുകളിലേക്ക് എത്താനായില്ല. 10 ലൈനുകളില്‍നിന്നായി ദിവസം ഏകദേശം 600 പേരെ മാത്രമേ വിളിക്കാന്‍ കഴിയൂ. അതിനര്‍ത്ഥം, ഒരു വ്യക്തിയെ വീണ്ടും വിളിക്കാന്‍, 10 ദിവസത്തിനുശേഷം മാത്രമേ കഴിയൂ എന്നതാണ്,” കോവിഡ്-19 നിയന്ത്രണ സെല്‍ മേധാവി ഡോ. ശരത് ചന്ദ്ര ബോസ് പറഞ്ഞു.

Read Also: കോവിഡ് ബാധിതനായ മുപ്പതുകാരൻ ആത്മഹത്യ ചെയ്‌തു

കൊച്ചി ആസ്ഥാനമായുള്ള സാങ്കേതിക സ്ഥാപനമായ ‘ബില്യണ്‍ ലൈവ്‌സുമായി’ സഹകരിച്ചാണ് ഐവിആര്‍ കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ (സിഡിഎഫ്‌ഐ) പിന്തുണയോടെയാണിത്. ആലപ്പുഴയ്ക്കുവേണ്ടി പ്രത്യേക സംവിധാനമാണ് ഒരുക്കിയത്.

”സമൂഹവ്യാപനത്തിന്റെ ഘട്ടത്തില്‍ ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഞങ്ങളോട് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍, ഫോണില്‍ വിളിക്കുന്നത് പ്രായോഗികമല്ല. അവിടെയാണ് ഐവിആര്‍ സംവിധാനം കൂടുതല്‍ പ്രസക്തമാകുന്നത്,” ബില്യണ്‍ ലൈവ്‌സിന്റെ സ്ഥാപക ഡയറക്ടര്‍ ജോണ്‍ സന്തോഷ് പറഞ്ഞു.

ഐവിആര്‍ ഡാഷ്ബോര്‍ഡ് താന്‍ കണ്ടതില്‍ ഏറ്റവും മികച്ചതാണെന്നാണു ഡോ. ചന്ദ്രബോസ് പറയുന്നത്. ”സംവിധാനത്തിന്റെ തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. കോളുകള്‍ ഓട്ടോമേറ്റഡ് ആയതിനാല്‍ പലരും എടുക്കുന്നില്ലെന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. കോള്‍ എടുക്കാത്തവരെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, രണ്ട് മണിക്കൂറിനുള്ളില്‍ ആവര്‍ത്തിച്ച് വിളിച്ചു. അതു ഗുണം ചെയ്തു. തെറ്റായ എന്‍ട്രി അമര്‍ത്തുന്നതും പ്രശ്നമായിരുന്നു. ഗുരുതരമായ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന രണ്ട് അമര്‍ത്തിയാല്‍, ഞങ്ങള്‍ അവരെ സ്വമേധയാ പരിശോധിക്കാന്‍ വിളിക്കും. അത്തരം കോളുകള്‍ വളരെ കുറവാണ്, അയ്യായിരത്തില്‍ 100 എണ്ണം, ” ശരത് ചന്ദ്ര ബോസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read More: In Kerala’s Alappuzha, automated calls add power to Covid-19 response

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.