scorecardresearch
Latest News

ഇന്നത്തെ കോവിഡ് വാർത്തകൾ: സർക്കാർ ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം

ആര്‍സിസിയില്‍ എത്തുന്ന രോഗിയും ഒപ്പം വരുന്ന വ്യക്തിയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ കോവിഡ് വാർത്തകൾ: സർക്കാർ ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ 50 ശതമാനം പേർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിച്ചുണ്ട്. എന്നാൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുൻ തീരുമാനത്തിൽനിന്ന് മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്നും അത് പ്രായം അടിസ്ഥാനമാക്കിയാവില്ല നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വാക്സിന്‍ സൗജന്യമായി നല്‍കണം; വി മുരളീധരന്‍ ജനങ്ങളെ പരിഹസിക്കുന്നു: എ. വിജയരാഘവന്‍

കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. വാക്സിന്‍ നയംമാറ്റം കേന്ദ്രം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിന്‍ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസപ്പെടുകയാണ്. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ലഭിച്ചത്. സ്വന്തം നിലയ്ക്കു വാക്‌സിന്‍ വാങ്ങണമെന്ന നിലപാട് സംസ്ഥാനത്തിനു കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങണമെന്നത് ക്രൂരതയാണ്. കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്ര നീക്കം.

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, covid 19 vaccine, coronavirus vaccine, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

വാക്‌സിന്‍ ക്ഷാമം രൂക്ഷമായത് കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രം കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ്. ഇതിനു തെളിവാണു വാക്‌സിന്‍ നയം മാറ്റം. വാക്‌സിന്‍ ഉത്പാദനത്തിന്റെ 50 ശതമാനം കൈവശമാക്കി കയറ്റുമതി ചെയത് ലാഭം നേടാനാണു നീക്കം. വാക്സിന്‍ ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിനു തുടര്‍ന്നും കിട്ടും. അത് കയറ്റുമതി ചെയ്യും.

വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഒരു ഡോസ് വാക്‌സിന്‍ പോലും അധികമായി കേരളത്തിനു നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാത്ത മുരളീധരന്‍ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

വാക്സിന് വില കൂടും; ആശുപത്രികൾക്ക് 600 രൂപ, സംസ്ഥാനങ്ങൾക്ക് 400

കോവിഡ് വാക്‌സിന് വില കൂടും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ലഭ്യമാകുമെന്ന് പൂനെ ആസ്ഥാനമായ കമ്പനി അറിയിച്ചു.

പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിനേഷനെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍നിന്ന് ഡോസിന് 250 രൂപയ്ക്കുമാണ് ലഭിക്കുന്നത്.

Also Read: വാക്സിന് വില കൂടും; ആശുപത്രികൾക്ക് 600 രൂപ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ

വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് സംഘർഷം, പാലക്കാട് തിക്കും തിരക്കും

കോട്ടയം/പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.

കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയുമുള്ളത്.

ശനിയും ഞായറും അവശ്യ സേവനങ്ങൾ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.

Also Read: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ; കടുപ്പിക്കുന്നു; ശനിയും ഞായറും അവശ്യ സേവനങ്ങൾ മാത്രം

ആര്‍സിസിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെറ്ററില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ആര്‍സിസിയില്‍ എത്തുന്ന രോഗിയും ഒപ്പം വരുന്ന വ്യക്തിയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തുടര്‍ പരിശോധന മാത്രമുള്ളവര്‍ അടുത്തുള്ള ജില്ലാ, താലൂക്ക് ആശുപത്രികളില്‍ അല്ലെങ്കില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ സമീപിക്കണം. ദൂരയാത്ര ചെയ്ത് ആര്‍സിസിയില്‍ എത്തുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ആര്‍സിസിയിലെ ഡോക്ടറുമായി നേരിട്ട് സംസാരിക്കാന്‍ വെര്‍ച്വല്‍ ഒപു സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് രോഗിയുടെ ഫോണില്‍ ലഭിക്കും. നിലവില്‍ അപ്പോയിന്‍മെന്റ് എടുത്തിരിക്കുനന രോഗികള്‍ക്ക് ടെലി മെഡിസിന്‍ സംവീധാനവും ഉപയോഗിക്കാം. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അപ്പോയിന്‍മെന്റിന് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രവേശനം അനുവദിക്കു.

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

Also Read: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

ബെവ്കോ പ്രവർത്തന സമയം രാത്രി എട്ടുവരെയായി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബെവ്റേജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി ഒൻപതു വരെയാണ് സമയം. ഇനി മുതൽ രാത്രി എട്ടിനു ഷോപ്പുകൾ അടയ്ക്കും. സംസ്ഥാനത്ത് 270 ബെവ്കോ ഔട്ട്ലെറ്റുകളാണ് ഉള്ളത്.

അതേസമയം കൺസ്യൂമർഫെഡിന്റെ പ്രവർത്തന സമയത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനത്ത് കൺസ്യൂമർഫെഡിന് 36 വിദേശ മദ്യവിൽപ്പന ശാലകളും മൂന്ന് ബിയർ ഷോപ്പുകളും ഉണ്ട്.

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും കോവാക്സിന്‍ ഫലപ്രദം

പൂനെ: ഇരട്ട ജനിതക വ്യതിയാനം സംഭിച്ച കോവിഡ് വൈറസിനും കോവാക്സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍. ഭാരത് ബയോടെക് ആണ് കോവാക്സിന്റെ നിര്‍മാതാക്കള്‍.

“കോവാക്സിന്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും ഫലപ്രദമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. രണ്ടാം തരംഗത്തിന്റെ ആശങ്കകള്‍ കുറക്കാന്‍ ഈ വാര്‍ത്തക്ക് സാധിക്കുമെന്ന് കരുതുന്നു,” ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗത്തിന്റെ ഹെഡ് ഡോക്ടര്‍ സമിരന്‍ പാണ്ഡ പറഞ്ഞു.

വിവിധ തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭിവിച്ച വൈറസുമായി കോവാക്സിന്‍ പരീക്ഷിച്ചതായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വൈറസിന് പുറമെ, ബ്രിട്ടണിലും, ബ്രസീലിലും, ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട വൈറസുകളിലും പരീക്ഷണം നടത്തിയിട്ടുണ്ട്.

ഓക്സിജൻ ടാങ്കിൽ ചോർച്ച; മഹാരാഷ്ടയിൽ 22 കോവിഡ് രോഗികൾ മരിച്ചു

നാസിക് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ ഓക്സിജന്‍ ടാങ്കിലുണ്ടായ ചോർച്ചയെത്തുടർന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു. നാക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണു മരിച്ചത്. ഓക്സിജന്‍ ചോർന്നതോടെ ടെ ഏകദേശം അരമണിക്കൂര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇതാണ് വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ മരണത്തിന് ഇടയാക്കിയത്.

രാജ്യത്തെ പ്രതിദിന കേസുകളിൽ വൻ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. ഇന്നു രാവിലെ ഒന്‍പതിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 2.95 ലക്ഷം പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 21.57 ലക്ഷം ആയി വര്‍ധിച്ചു. 2,023 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

Also Read: കോവിഡ് മരണങ്ങള്‍ കൂടുന്നു; പുലര്‍ച്ചെ രണ്ടു വരെ ചിതയൊരുക്കി ബെംഗളുരുവിലെ ശ്മശാനങ്ങൾ, ടോക്കണ്‍

കോവിഡ് -19 രണ്ടാം തരംഗം രാജ്യത്തെ കൊടുങ്കാറ്റ്) പോലെ വീശുകയാണെന്നും ഈ പ്രതിസന്ധിയില്‍ മനസ് നഷ്ടപ്പെടരുതെന്നും ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ അവസാന ആശ്രയമായി ഉപയോഗിക്കാനും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. ഡല്‍ഹി, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും. ഇന്നു രാത്രി എട്ടു മുതല്‍ സംസ്ഥാനം ലോക്ക്ഡൗണിലേക്കു കടക്കുമെന്നാണു ആരോഗ്യമന്ത്രി രാജേഷ് തോപെ കഴിഞ്ഞദിവസം പറഞ്ഞത്.

കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ രണ്ടാഴ്ചത്തേക്കാണു കര്‍ഫ്യു. ഏറ്റവുമൊടുവില്‍ തെലങ്കാനയാണു കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. മേയ് ഒന്നു വരെയാണു തെലങ്കാനയില്‍ കര്‍ഫ്യു. കര്‍ണാടകയില്‍ വാരാന്ത കര്‍ഫ്യുവും രാത്രികാല ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍രപദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞിരുന്നു.

സംസ്ഥാനത്ത് പ്രതിദിന കേസുകൾ അരലക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം നാൽപ്പതിനായിരം മുതൽ അൻപതിനായിരം വരെ ആയി ഉയർന്നേക്കാമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് കോര്‍ കമ്മറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദേശം നൽകി.

രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കോവിഡ് കോർ കമ്മറ്റി യോഗത്തിലെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.  

എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് കലക്ടർ

എറണാകുളം ജില്ലയിൽ ഇന്നും നാളെയും കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് കലക്ടർ എസ്. സുഹാസ്. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു കലക്ടറുടെ പ്രതികരണം. ജനങ്ങൾ​ ജാഗ്രത പാലിക്കണമെന്നും കണ്ടെയ്ൻമെന്റ് സോണുകളിലടക്കം പരിശോധന കർശനമാക്കുമെന്നും കലക്ടർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമായി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നുവെന്നും ചർച്ചയിൽ ഉയർന്നുവന്ന തീരുമാനപ്രകാരം ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലയിൽ കൂടുതൽ വാക്സിനുകൾ എത്തിക്കുകയും ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. അനാവശ്യമായി കറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം

പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിനു കാരണമെന്ന് ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു. സമ്പര്‍ക്കപ്പ ട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

സർക്കാർ ആശുപത്രികളിൽ ഓക്സിജൻ വിതരണ ശൃംഖലയൊരുക്കി കൊച്ചി കപ്പൽശാല

 കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി കപ്പൽശാലയുടെ സി.എസ്. ആർ പദ്ധതിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം ഒരുക്കി.

ഫോർട്ടുകൊച്ചി, പള്ളുരുത്തി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികൾ, ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ദേശീയ ആരോഗ്യ ദൗത്യം വഴി പദ്ധതി നടപ്പിലാക്കിയത്.

50 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പ് ലൈൻ വഴി രോഗിയുടെ കിടക്കക്കരികിൽ ഓക്സിജൻ എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 india kerala news wrap april 21