scorecardresearch
Latest News

ഇന്നത്തെ കോവിഡ് വാർത്തകൾ: ലക്ഷദ്വീപിലേക്ക് ദക്ഷിണ നാവികസേനയുടെ ‘ഓക്സിജൻ എക്‌സ്പ്രസ്സ്’

ഓക്സിജന് പുറമെ പിപിഇ കിറ്റുകൾ, കയ്യുറകൾ, മാസ്കുകൾ എന്നിവയും ഒരു ഡോക്ടറും രണ്ടു നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും നാവികസേനാ കപ്പലിൽ അയച്ചിട്ടുണ്ട്.

ഇന്നത്തെ കോവിഡ് വാർത്തകൾ: ലക്ഷദ്വീപിലേക്ക് ദക്ഷിണ നാവികസേനയുടെ ‘ഓക്സിജൻ എക്‌സ്പ്രസ്സ്’

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഭരണ പ്രദേശങ്ങമായ ലക്ഷദ്വീപിലേക്ക് ഓക്സിജൻ സിലണ്ടറുകൾ അയച്ച് കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനം. രണ്ടു നാവിക കപ്പലുകളിൽ ഓക്സിജനുമായാണ് “ഓക്സിജൻ എക്‌സ്പ്രസ്സ്” ലക്ഷദ്വീപിലേക്ക് അയച്ചത്. മടങ്ങി വരുന്ന കപ്പൽ തീർന്ന ഓക്സിജൻ സിലണ്ടറുകൾ നിറക്കുന്നതിനായി കൊച്ചിയിൽ എത്തിക്കും. ഓക്സിജന് പുറമെ പിപിഇ കിറ്റുകൾ, കയ്യുറകൾ, മാസ്കുകൾ എന്നിവയും ഒരു ഡോക്ടറും രണ്ടു നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും നാവികസേനാ കപ്പലിൽ അയച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 10 പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കളക്ടർ പറഞ്ഞു.

നിയന്ത്രണങ്ങൾ ശക്തമാക്കിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്‌സൽ സർവീസുകളാകാം.

തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധനയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ അത്തരം സ്ഥാപനങ്ങൾ രണ്ടു ദിവസമോ അതിൽ കൂടുതൽ കാലയളവോ അടച്ചിടുന്നതായിരിക്കും. നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുന്നതായിരിക്കും.

സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുന്നതില്‍ പ്രധാനമന്ത്രി വ്യക്തത നല്‍കിയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത നല്‍കിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കേരളം നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടത്തുന്ന ഇടപെടലുകളും നമ്മുടെ ആവശ്യങ്ങളും വിശദമായി പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

“പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി ഹേര്‍ഡ് ഇമ്യൂണിറ്റി വികസിപ്പിക്കുന്നതാണ് ഈ മഹാവ്യാധിക്കെതിരായുള്ള ഏറ്റവും മികച്ച പ്രതിരോധം എന്നാണ് സംസ്ഥാനം കണക്കാക്കുന്നത്. ആ നിലയ്ക്ക് മെയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. അത് കാര്യക്ഷമമാക്കുന്നതിന് ഘട്ടം ഘട്ടമായി വാക്സിന്‍ നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയങ്ങള്‍ അനുവദിക്കാം. പ്രായഭേദമെന്യേ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കാം,” പിണറായി വിജയന്‍ വ്യക്തമാക്കി

വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നമെന്നും കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ വാക്സിന്‍ നയം. കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല,” പിണറായി വ്യക്തമാക്കി

ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60% സർവ്വീസുകൾ നടത്തും

തിരുവനന്തപുരം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സര്‍വ്വീസ് നടത്തും. ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60 ശതമാനം ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളി‍ൽ ഓപ്പറേറ്റ് ചെയ്യുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കില്ല

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും പ്രവര്‍ത്തിക്കില്ല

കോവിഡ് പ്രതിരോധം: ശനി, ഞായർ ദിവസങ്ങളിൽ പോലീസ് പരിശോധനകൾ ശക്തമാക്കും

എറണാകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിലെ അധിക നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുവാനായി പോലീസ് പരിശോധനകൾ ശക്തമാക്കും. സ്വകാര്യ വാഹനങ്ങളിലെ അനാവശ്യ യാത്രകൾക്കെതിരെ നടപടി സ്വീകരിക്കും. എറണാകുളം റൂറൽ ജില്ലാ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 81 കേസുകൾ രജിസ്റ്റർ ചെയ്തു.


മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ജില്ലയിൽ 2751 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളിൽ പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യും. കോവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലീസ് പട്രോളിംഗ് സംഘങ്ങൾ പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ ചടങ്ങുകൾ നടക്കുന്നിടങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍; മാസ്ക് ധരിക്കാത്തത് 25850 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 25850 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിതര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിരഫിന്‍ നല്‍കാം; ഡിസിജിഐ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈഡസ് കാഡില കമ്പനിയുടെ വിരഫിന്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി. അടിയന്തര സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (‍ഡിസിജിഐ) യാണ് അനുവാദം നല്‍കിയത്.

കോവിഡ് ചികിത്സയ്ക്ക് മരുന്ന് ഫലപ്രദമാണെന്ന് അവകാശപ്പെട്ട് കമ്പനി കേന്ദ്രത്തിനോട് ഏപ്രില്‍ ആദ്യം അനുമതി തേടിയിരുന്നു. 91.5 ശതമാനമാണ് കോവിഡില്‍ നിന്ന് മുക്തമാകാനുള്ള സാധ്യത. ഏഴ് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്കു പൂര്‍ണ പിന്തുണ, രണ്ടാംതരംഗത്തെ ഒരുമിച്ച് നേരിടാം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം തടയാന്‍ നമുക്ക് ഒരുമിച്ച് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കോവിഡ് കേസുകളുള്ള 11 സംസ്ഥാനങ്ങിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അത് യഥാസമയം ലഭിക്കും. ഓക്‌സിജന്‍ ടാങ്കറുകളുടെ യാത്രാ സമയം കുറയ്ക്കുന്നതിനായി റെയില്‍വേയെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിനു വേണ്ടിയുള്ള ഓക്‌സിജന്‍ ടാങ്കര്‍ തടഞ്ഞുനിര്‍ത്തുകയോ കുടുങ്ങുകയോ ചെയ്യുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പുവരുത്തണം.

മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ നിറവേറ്റുന്നതിന് പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ഉന്നതതല ഏകോപന സമിതികള്‍ രൂപീകരിക്കണം. പൂഴ്ത്തിവയ്പ്പ്, അവശ്യ മരുന്നുകളുടെ കരിഞ്ചന്ത, കുത്തിവയ്പ്പുകള്‍ എന്നിവയുണ്ടോയെന്നു കര്‍ശനമായി പരിശോധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഓക്‌സിജൻ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ വലിയ

ദുരന്തമുണ്ടാകുമെന്ന് മോദിയോട് കേജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകാം. ഡൽഹിയിലേക്കുളള ഓക്സിജൻ ടാങ്കറുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകണം. ജനങ്ങളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. കര്‍ശന നടപടിയെടുക്കണമെന്ന് കേജ്‌രിവാൾ മോദിയോട് അഭ്യർഥിക്കുകയും ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കേജ്‌രിവാളിന്റെ പ്രതികരണം.

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; ആരാധനാലയങ്ങളിൽ അഞ്ചില്‍ കൂടുതല്‍ പേർ പാടില്ല

മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിൽ കർശനടപടികൾ പ്രഖ്യാപിച്ച് കലക്ടർ. ആരാധനാലയങ്ങളിൽ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്ന് കലക്ടർ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിൽ വ്യക്തമാക്കി. ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ നിയന്ത്രണം നിലവില്‍ വരും. പൊതുജനങ്ങള്‍ പ്രാര്‍ഥന സ്വന്തം വീടുകളിലാക്കണം. ബന്ധുവീടുകളില്‍ പോലും ഒത്തുചേരരുത്.

ജില്ലയിലെ 16 പഞ്ചായത്തുകളില്‍ ഇന്നു രാത്രി ഒൻപത് മുതല്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നന്നംമുക്ക്, മുതവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ,പോത്തുക്കല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ,വെളിയംങ്കോട്, ആലങ്കോട്,വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയാറെന്ന് ചൈനയും റഷ്യയും

കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി വിവിധ രാജ്യങ്ങൾ. റഷ്യയും സിങ്കപ്പൂരും ചൈനയും ഫ്രാൻസുമാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാലു ലക്ഷം വരെ റംഡെസിവിര്‍ ഡോസ്‌ നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയാറാണെന്ന് ചൈനയും വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരായ ഈ പോരാട്ടത്തിൽ ഫ്രാൻസ് ഇന്ത്യൻ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് ഇന്ത്യൻ ഫ്രാൻസ് അംബാസിഡർ വ്യക്തമാക്കി. ഏതു തരത്തിലുള്ള പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് എംബസിയിലെ അഭിമുഖങ്ങൾ ഏപ്രിൽ 26 മുതൽ മേയ് 9 വരെ നിർത്തിവച്ചു

രാജ്യത്ത് കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ വിസയുമായി ബന്ധപ്പെട്ട് നടക്കേണ്ടിയിരുന്ന അഭിമുഖങ്ങളെല്ലാം ഏപ്രിൽ 26 മുതൽ മേയ് 9 വരെ നിർത്തിവച്ചതായി യുഎസ് എംബസി ഇന്ത്യ അറിയിച്ചു. ഷെഡ്യൂൾ ചെയ്ത അടിയന്തര അപ്പോയിന്റ്മെന്റുകൾ നടത്താൻ ശ്രമിക്കും. യുഎസ് പൗരന്മാർക്കുളള അടിയന്തര സേവനങ്ങൾ തുടരും. ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ കോൺസുലേറ്റുകൾ പരിമിതമായ വിസ അപ്പോയിന്റുകൾ നൽകുന്നത് തുടരും. പക്ഷേ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് ചില നിയമനങ്ങൾ റദ്ദാക്കിയേക്കാം.

ഓക്സിജൻ ക്ഷാമം; ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചു

ന്യൂഡൽഹി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കോവിഡ് രോ​ഗികൾ മരിച്ചു. 60 പേരുടെ നില ഗുരുതരമാണ്. ഇനി ഒരു മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജൻ മാത്രമേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് സർ ഗംഗാറാം ആശുപത്രി.

മരിച്ച രോഗികളുടെയെല്ലാം അവസ്ഥ ഗുരുതരമായിരുന്നെന്നും എല്ലാവരും കൂടുതൽ ഓക്സിജൻ വേണ്ട നിലയിലായിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വെന്റിലേറ്ററുകളും ഓക്സിജൻ നൽകാനുള്ള ഉപകരണങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ഐസിയുവുകളിലും അത്യാഹിത വിഭാഗത്തിലും മാനുവൽ വെന്റിലേഷൻ അവലംബിക്കേണ്ടിവന്നുവെന്നും ആശുപത്രിയിലെ അടുത്തവൃത്തങ്ങ​ൾ പറയുന്നു.

ബുധനാഴ്ച രാത്രി ആശുപത്രിക്ക് ഓക്സിജൻ ലഭ്യമാക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾ മാത്രമേ ഇത് നീണ്ടു നിൽക്കുകയുള്ളൂവെന്ന് അധികൃതർ അപ്പോൾ തന്നെ അറിയിച്ചിരുന്നു.

“ഐനോക്സിൽ നിന്നുള്ള ട്രക്കുകൾ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവർ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കുകയാണ്. തടസമില്ലാത്തതും സമയബന്ധിതമായി ഓക്സിജൻ വിതരണം ചെയ്യാനാകുന്ന അവസ്ഥയാണ് ഞങ്ങൾക്ക് ആവശ്യം,” ആശുപത്രി ചെയർമാൻ അറിയിച്ചു.

മുംബൈ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 13 മരണം

മുംബൈ: മഹാരാഷ്ട്രയിലെ വാസയിൽ കോവിഡ് ആശുത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. കോവിഡ് ചികിത്സയിലായിരുന്നവരാണ് മരിച്ചവരെല്ലാം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിസുരക്ഷാ സേന സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീൽഡ് എത്തിച്ചിരിക്കുന്നത്. ഇന്നു മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകൾക്കായി ഒന്നര ലക്ഷം വീതം വാക്സിനാണ് എത്തിയത്. ഒരു ലക്ഷം ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിനേഷൻ. വാക്സിൻ കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റർ ചെയ്യണം.

വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീൽഡ് എത്തിച്ചിരിക്കുന്നത്. ഇന്നു മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

തിരുവനന്തപുരം മേഖലയ്ക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകൾക്കായി ഒന്നര ലക്ഷം വീതം വാക്സിനാണ് എത്തിയത്. ഒരു ലക്ഷം ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിനേഷൻ. വാക്സിൻ കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റർ ചെയ്യണം.

തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം രോഗികൾ

രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 india kerala daily news wrap april 23