തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട ശേഷവും നിരവധി പേർ സ്വകാര്യവാഹനങ്ങളുമായി റോഡിലിറങ്ങുന്ന സാഹചര്യത്തില്‍ നടപടികൾ കർശനമാക്കാൻ കേരള പൊലീസ്. ഒന്നില്‍ കൂടുതല്‍ തവണ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വ്യക്തികളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണു പൊലീസിന്റെ പുതിയ തീരുമാനം.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുകയും വ്യക്തമായ കാരണങ്ങളില്ലാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ 21 ദിവസത്തേക്ക് വിട്ടുനല്‍കില്ല. ഓട്ടോ, ടാക്‌സി എന്നിവ അവശ്യ ഘട്ടങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Read More: 9 ദിവസം, 500 കേസുകൾ; ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍

മെഡിക്കല്‍ കേസുകള്‍ക്കും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്‌സികള്‍ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ടാക്‌സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉള്‍പ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ നിർദേശങ്ങൾ വകവയ്ക്കാതെ പുറത്തിറങ്ങിയവർക്കു നേരെ പൊലീസ് ലാത്തി വീശി. കൂട്ടം കൂടി നിന്നവരെയെല്ലാം പൊലീസ് വിരട്ടിയോടിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ നിരവധി പേരാണ് വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്.

അതേസമയം അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പൊലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.