തൊടുപുഴ: ഇടുക്കിയിൽ സ്ഥിതി സങ്കീർണമാകുന്നു. ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ജില്ലയിൽ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണ്. ആളുകൾ സംഘം ചേരുന്നത് പൂർണമായി ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

ഇടുക്കിയിലും കോവിഡ് പരിശോധനയ്‌ക്ക് സംവിധാനം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിൽ പലച്ചരക്ക്, പച്ചക്കറി കടകൾ രാവിലെ 11 മുതൽ അഞ്ച് വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ. ഇ.എസ്.ബിജിമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ, താൻ ഇപ്പോൾ ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ട സാഹചര്യമില്ലെന്നും മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എംഎൽഎ തന്നെ വ്യക്തമാക്കി.

ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗം അടക്കം മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ആശാ പ്രവര്‍ത്തക എന്നിവർക്കും രോഗം പിടിപെട്ടു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ബെംഗളൂരുവില്‍ നിന്നെത്തിയ മരിയാപുരം സ്വദേശിയാണ് മൂന്നാമത്തെയാൾ. ഒരാഴ്‌ച മുൻപ് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമാണ് ഇയാൾ ഇടുക്കിയിലെത്തിയത്. ഭാര്യയ്ക്ക് കോവിഡ് ഫലം നെഗറ്റീവ് ആണ്.

Read Also: ഇത് അജ്ഞാത ജീവിയോ? ‘യുഎഫ്ഒ’ വീഡിയോ പുറത്തുവിട്ട് പെന്റഗൺ

ഇടുക്കി ജില്ലയിലെ രോഗികളുടെ എണ്ണം 17 ആയി. വണ്ടൻമേട്, ഇരട്ടയാർ എന്നിവിടങ്ങൾ ഹോട്ട്‌സ്‌പോട്ടുകളാണ്. ഇടുക്കി ജില്ലയും റെഡ് സോണിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ റെഡ് സോണുകളുടെ എണ്ണം ആറായി.

കോട്ടയം ജില്ലയിലും അതീവ ജാഗ്രത 

രോഗവ്യാപനത്തിനു സാധ്യതയുള്ള മേഖലകളാണ് ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്‌മനം, വെള്ളൂർ, തലയോലപറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകൾ ഹോട്ട്‌സ്‌പോട്ടുകളാണ്. ചങ്ങനാശേരി മുൻസിപാലിറ്റിയിലെ 33-ാം വാർഡ്, കോട്ടയം മുൻസിപാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാർഡുകളും ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളാണ്.

ഹോട്ട്‌സ്‌പോട്ടിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

മേയ് മൂന്ന് വരെ ഹോട്ട്‌സ്‌പോട്ടുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. ജനങ്ങൾ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും വിലക്ക്. റെഡ് സോണിലെ കണ്ടയ്‌ൻമെന്റ് സോണുകളിലെ (ഹോട്ട്‌സ്‌പോട്ടുകളിൽ പൊലീസ് മാർക് ചെയ്‌ത സ്ഥലങ്ങളാണ് കണ്ടയ്‌ൻമെന്റ് സോണുകൾ) ജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. കണ്ടയ്‌ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ, ഭക്ഷ്യ വസ്‌തുക്കൾ, മരുന്നുകൾ എന്നിവ സന്നദ്ധ സേവകർ വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. ഇതിനായി ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കും. കണ്ടയ്‌ൻമെന്റ് സോണുകൾ അല്ലാത്ത ഹോട്ട്‌സ്‌പോട്ടുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ഹോട്ട്‌സ്‌പോട്ടുകളിൽ അവശ്യ സർവീസുകൾ രാവിലെ 11 മുതൽ അഞ്ച് വരെ മാത്രമേ ലഭ്യമാകൂ. പെട്രോൾ പമ്പുകൾ അടക്കം കൃത്യം അഞ്ചിന് അടയ്ക്കണം. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ഇല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.