ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആശങ്കയൊഴിയുന്നു. ജില്ല വീണ്ടും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. എന്നാൽ, നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതോടെ രണ്ടാം ഘട്ടത്തിൽ കോവിഡ് ബാധിച്ച 14 പേരും രോഗമുക്തരായി. ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഏറ്റവും അവസാനമായി ഡിസ്‌ചാർജ് ആയത്.

ആശങ്കയുടെ രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തിലാണ് ഇടുക്കി ജില്ല കൂടുതൽ ആശങ്കയിലായത്. രണ്ടാം ഘട്ടത്തിൽ മാത്രം 14 പേർക്ക് രോഗം ബാധിച്ചു. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 24 ആണ്. രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ കൂടുതലും വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരായിരുന്നു.

Read Also: പതിനാല് മക്കളിൽ പതിനൊന്നു പേരെയും നഷ്‌ടപ്പെട്ട കല്യാണിയുടെ ഇളയ മകനാണ് ഞാൻ

നിയന്ത്രണങ്ങൾ തുടരും

ജില്ല കോവിഡ് മുക്തമായെങ്കിലും ഇടുക്കിയിൽ നിയന്ത്രണങ്ങൾ തുടരും. നേരത്തെയും ജില്ല കോവിഡ് മുക്തമായിട്ടുണ്ട്. പിന്നീട് വീണ്ടും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു അനുഭവം മുൻപ് ഉള്ളതിനാൽ ഇത്തവണ നിയന്ത്രണങ്ങളിൽ അതിവേഗം ഇളവ് നൽകില്ല. കടകൾക്ക് പ്രവർത്തിക്കാനുള്ള സമയം പുതുക്കി നൽകാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമാകും. അതിർത്തികളിൽ കർശന നിരീക്ഷണം തുടരുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ വരവ് വരും ദിവസങ്ങളിൽ കൂടുമെന്നതിനാൽ ഇവിടെ കൂടുതൽ ജാഗ്രത വേണ്ടിവരും.

അതേസമയം, കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 505 പേരിലാണ്. നിലവിൽ 17 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 23,930 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 23596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.