കൊച്ചി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. കാര്യങ്ങൾ കുഴപ്പം ഇല്ലാതെ പോകുന്നുവെന്ന് തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഡിവിഷൻ ബഞ്ചിന്റെ പരാമർശം. ആദ്യം സാമൂഹിക സുരക്ഷിതത്വം ഉണ്ടാവട്ടെയെന്നും സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം ഉണ്ടായിട്ടു കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രാദേശിക-ജില്ലാ-സംസ്ഥാന തലത്തിൽ കാര്യക്ഷമമായ നിരീക്ഷണമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ നോഡൽ ഓഫീസർ ആയി പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. മേൽനോട്ടത്തിന് ഒരു നോഡൽ ഓഫീസറെ പ്രത്യേകം നിയമിക്കുന്നത് നന്നായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 336 പേർക്ക് രോഗം സ്ഥിരീകരിച്ചു

താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും നോഡൽ ഓഫീസറും സംയുക്തമായി പ്രവർത്തിക്കണം. അപ്പോൾ സൂക്ഷ്‌മതലത്തിൽ കാര്യങ്ങൾ നടപ്പാക്കാൻ പറ്റുമെന്ന് കോടതി അഭിപ്രായപ്പെട്ടു. പല കോൺട്രാക്‌ടർമാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ കുറഞ്ഞുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. പലയിടത്തും കരാറുകാരാണ് അതിഥി തൊഴിലാളികളുടെ ചെലവ് വഹിക്കുന്നതെന്നും അമിക്കസ് ക്യൂറി ബോധിപ്പിച്ചു.

കരാറുകാരുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകൾ ഉണ്ടന്നും അവർ ഏജന്റുമാർ വഴിയാണ് വന്നതെന്നും ഇവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അവർക്കായി സാമൂഹിക അടുക്കളയുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.

Read Also: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയവരുടെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങി

പല സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാൻ അനുവദിക്കുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു. അമിക്കസ് ക്യൂറി അടക്കമുള്ളവർക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് 17 ലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.