തിരുവനന്തപുരം: കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്ഡൗൺ. മാര്‍ച്ച് 31 വരെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി.

Read More: മാർച്ച് 31 വരെ കേരളത്തിൽ ലോക്ക്ഡൗണ്‍: അറിയേണ്ട 10 കാര്യങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുഗതാഗതമോ സ്വകാര്യ ബസുകളോ ഇല്ല. ഓട്ടോ ,ടാക്സി സർവീസുകൾ അവശ്യ സാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്താൻ മാത്രം അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

മെഡിക്കൽ ഷോപ്പുകൾക്ക് സമയക്രമം ബാധകമല്ല. അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവ്. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു.

പെട്രോൾ പമ്പുകൾ, എൽപിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും. ജലം,വൈദ്യുതി, ടെലികോം സേവനങ്ങൾ തടസ്സപെടില്ല. സർക്കാർ ഓഫീസുകൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി പ്രവർത്തിക്കും. ബാറുകൾ അടച്ചിടും. ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിരീക്ഷണത്തിലാകും വിൽപന.

സംസ്ഥാന അതിർത്തികളെല്ലാം അടച്ചിടും, പൊതുഗതാഗതങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ ആരാധന ചടങ്ങുകളും ഒഴിവാക്കുമെന്നും അവശ്യസാധനങ്ങളും മരുന്നുകളും വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ലെന്നും എന്നാൽ ഹോം ഡെലിവറി ആകാമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 28 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 91 ആയി. ഈ സാഹചര്യത്തിലാണ് സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.