തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ മേഖലകൾ തിരിച്ചു നടപടി വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. വെെറസ് വ്യാപനം നന്നേ കുറവുള്ള സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളോടെ തന്നെ ജനജീവിതം സാധാരണനിലയിൽ എത്തിക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്ര നിർദേശ പ്രകാരമുള്ള ഹോട്ട്സ്പോട്ടുകളിൽ മാറ്റം വേണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ തന്നെ സർക്കാർ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര നിർദേശം ഉണ്ടെങ്കിൽ മാത്രമേ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളിൽ മാറ്റം വരുത്താൻ സാധിക്കൂ. പുതിയ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങൾ പ്രഖ്യാപിക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് അനുവാദമുള്ളത്. ഇപ്പോഴത്തെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമാണ്. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാനം.
Read Also: Horoscope Today April 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ സംസ്ഥാനത്ത് നാല് മേഖലകളായി തിരിച്ചായിരിക്കും പിന്നീട് രോഗപ്രതിരോധവും നിയന്ത്രണങ്ങളും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. കാസര്‍ഗോഡ് 61, കണ്ണൂരില്‍ 45, മലപ്പുറത്തും കോഴിക്കോടും ഒമ്പത് കേസുകള്‍ വീതമാണുള്ളത്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് റെഡ് സോൺ എന്ന് അറിയപ്പെടും. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പട്ടികയനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ടയേയും തിരുവനന്തപുരത്തേയും ഇതിൽ നിന്ന് ഒഴിവാക്കണമെന്നും കോഴിക്കോട് ജില്ലയിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് മൂന്ന് വരെ ഇവിടെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് സംസ്ഥാനത്തിന്റെയും ആവശ്യം.
Read Also: മലയാളിയ്ക്ക് ആശ്വാസം പകര്‍ന്ന ആറു മണി കൂടിക്കാഴ്ചയ്ക്ക് വിരാമമാകുമ്പോള്‍
പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ ഓറഞ്ച് സോണിൽ പരിഗണിക്കണം. ഇവിടെ ഏപ്രിൽ 24 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ വേണം. അതിനുശേഷം നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ്. ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ അപ്പോഴും പൂർണമായും അടഞ്ഞുകിടക്കും.
ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളെ യെല്ലോ സോണിൽ ഉൾപ്പെടുത്തണം. ഏപ്രിൽ 20 നു ശേഷം നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് അവുദിക്കണം. സംസ്ഥാന-ജില്ലാ അതിർത്തികൾ അടഞ്ഞുകിടക്കും. കടകൾ, ഹോട്ടലുകൾ എന്നിവ വെെകീട്ട് ഏഴുവരെ പ്രവർത്തിക്കാവുന്ന രീതിയിലേക്ക് മാറുക. മേയ് മൂന്ന് വരെ പൊതുചടങ്ങുകൾ അനുവദിക്കാതിരിക്കുക എന്നിവയൊക്കെയാണ് യെല്ലോ സോണിലെ ജില്ലകൾക്ക് പറഞ്ഞിരിക്കുന്നത്. കോട്ടയവും ഇടുക്കിയുമാണ് ഗ്രീൻ സോണിൽ ഉള്ളത്. ഇവിടെ കൂടുതൽ ഇളവുകൾ അനുവദിക്കാവുന്നതാണ് എന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.