കൊച്ചി: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹമാണ് കർശന വ്യവസ്ഥകളോടെ സംസ്‌കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പൂർണമായി പാലിച്ചായിരുന്നു ഖബറടക്കം. ചുള്ളിക്കൽ കച്ചി അനഫി മസ്‌ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ആചാരം അനുസരിച്ച് സംസ്‌കാര കര്‍മ്മങ്ങൾ ചെയ്യാൻ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല.

ആരോഗ്യപ്രവർത്തകരും അടുത്ത ബന്ധുക്കളും ഉൾപ്പെടെ പത്ത് പേർ മാത്രമാണ് ഖബറടക്കത്തിൽ പങ്കെടുത്തത്. പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. സംസ്‌കാര കർമങ്ങൾ പ്രോട്ടോകോൾ പ്രകാരമായിരിക്കും നടക്കുക എന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ നേരത്തെ വ്യക്‌തമാക്കിയിരുന്നു. മൃതദേഹത്തിൽ സ്‌പർശിക്കാതെയാണ് സംസ്‌കാര കർമങ്ങൾ ബന്ധുക്കളെ കൊണ്ട് ചെയ്യിപ്പിച്ചത്.

Read Also: വീട്ടിലിരുന്നുള്ള ജോലി: കിടക്കയില്‍ ദീര്‍ഘനേരം ഇരിക്കുന്നതിന്റെ ദോഷങ്ങള്‍

69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നു രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർ പരമാവധി ശ്രമിച്ചെന്നും എന്നാൽ സാധിച്ചില്ലെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 16 നാണ് ഇദ്ദേഹം ദുബായിൽനിന്നെത്തിയത്. ദുബായിൽനിന്ന് എത്തിയ ഇദ്ദേഹത്തെ ന്യൂമോണിയ ലക്ഷണങ്ങളുമായി മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്വോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നുവെന്ന് മെഡിക്കൽ ബോർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

Read Also: വീട് എത്താറാകുമ്പോൾ വിളിച്ചുപറയും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

മരിച്ചയാളുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വിമാനത്താവളത്തിൽനിന്നും ഇവരെ കൊണ്ടുവന്ന ഓൺലൈൻ ടാക്സി ഡ്രൈവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളും നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.