തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ നേരിടുന്ന മലയാളികൾക്ക് ഈസ്റ്റര്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡാനുഭവത്തിനു അപ്പുറം അതിജീവനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും എല്ലാവർക്കും ഈസ്റ്റര്‍ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകം കോവിഡ് എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്ത് കൂടിയാണ് ഈസ്റ്റര്‍ നൽകുന്നതെന്ന് പിണറായി പറഞ്ഞു. ഈസ്റ്റര്‍ ആയതിനാൽ നാളെ വാർത്താസമ്മേളനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

“ഈസ്റ്റര്‍ ആയതിനാൽ ആരും നിയന്ത്രണങ്ങൾ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം. കെെവിട്ടുപോയാൽ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയൻ പറഞ്ഞു.

Read Also: 21 ദിവസം 21 ചിത്രങ്ങൾ; കോട്ടയം നസീറിന്റെ ക്വാറന്റെയിൻ ദിനങ്ങൾ ഇങ്ങനെ

അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി. 19 പേരുടെ ഫലം നെഗറ്റീവ് ആയ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനത്തെ ചെറുക്കാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി വിവരിച്ചത്.

Read Also: കോവിഡ്-19 ലോക്ക്ഡൗൺ: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുത്- ഡിജിപി

“ഓരോ സംസ്ഥാനങ്ങളുടേയും കാര്യങ്ങൾ പ്രധാനമന്ത്രി കേട്ടു. ചില അഭിപ്രായങ്ങൾ നമ്മളും മുന്നോട്ടുവച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂ. ചില കാര്യങ്ങളിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. നമ്മൾ പറഞ്ഞ കാര്യങ്ങളെല്ലാം പ്രധാനമന്ത്രി കേട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും. ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാറായിട്ടില്ല എന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് ” മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.