ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹി നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. സമ്മേളനത്തിൽ പങ്കെടുത്തവരെ നിരീക്ഷണത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി. ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കിയിരിക്കുകയാണ് സർക്കാർ.

മാർച്ച് പകുതിയോടെയാണ് സമ്മേളനം നടന്നത്. വിദേശത്തു നിന്നു എത്തിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി ഏകദേശം നാലായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് കേന്ദ്ര സർക്കാർ വിശദീകരണം. ഇന്നലെ തമിഴ്‌നാട്ടിൽ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വർധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി തെലങ്കാന സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേരെ ഇതിനോടകം നിരീക്ഷണത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

Read Also: ഡൽഹി ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു

നിസാമുദ്ദീൻ സമ്മേളനം കേരളത്തിലും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ സമ്മേളനത്തിൽ കേരളത്തിൽ നിന്നു പങ്കെടുത്തത് 399 പേരാണ്. തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 71 ആയി. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.  18 മലപ്പുറം സ്വദേശികളെയും 14 പത്തനംതിട്ട സ്വദേശികളെയും കൊല്ലം ജില്ലയിൽ 11 പേരെയുമാണ് തിരിച്ചറിഞ്ഞത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എട്ട് പേരെ വീതവും തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തും ഇടുക്കിയിലും അഞ്ച് പേരെ വീതവും കോഴിക്കോട് രണ്ട് പേരെയും തിരിച്ചറിഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെല്ലാം നിരീക്ഷണത്തിലാണ്. മലപ്പുറത്തു നിന്നു മതസമ്മേളനത്തിൽ പങ്കെടുത്ത ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് പങ്കെടുത്ത 14 പേരില്‍ 4 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.