scorecardresearch
Latest News

കോവിഡ് മരണം: മൃതദേഹം സംസ്കരിക്കുക പ്രോട്ടോക്കോൾ പ്രകാരമെന്ന് മന്ത്രി

സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ ഖബറടക്ക ചടങ്ങുകൾ നടത്താനും അനുമതിയുള്ളു

sunil kumar, ie malayalam

കൊച്ചി: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം ആരോഗ്യവകുപ്പ് നല്‍കുന്ന പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല.

ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്‍റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും ഖബറടക്കത്തിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണം. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ ഖബറടക്ക ചടങ്ങുകൾ നടത്താനും അനുമതിയുള്ളു. മട്ടാഞ്ചേരിയിലെ പടിഞ്ഞാറേ പള്ളി ഹനഫി മസ്ജിദിലാണ് ഖബറടക്കം.

Read More: കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയിൽ

അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊച്ചിയിലാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്നു രാവിലെ 8 മണിയോടെയാണ് മരിച്ചത്.

ഈ മാസം 16 നാണ് ഇദ്ദേഹം ദുബായിൽനിന്നെത്തിയത്. ദുബായിൽനിന്ന് എത്തിയ ഇദ്ദേഹത്തെ ന്യൂമോണിയ ലക്ഷണങ്ങളുമായി മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നുവെന്ന് മെഡിക്കൽ ബോർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വിമാനത്താവളത്തിൽനിന്നും ഇവരെ കൊണ്ടുവന്ന ഓൺലൈൻ ടാക്സി ഡ്രൈവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളും നിരീക്ഷണത്തിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 death in kerala strict protocol for cremation