പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഇന്നുമുതൽ മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്.

ജില്ലയിൽ 19 പേര്‍ക്കാണ് ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേർക്കും. നാൽപ്പത്തെട്ടുപേരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. ഈമാസം 11ന് ഇൻഡോറിൽ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയിൽ നിന്ന് 13 ന് എത്തിയ മലമ്പുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യ മന്ത്രി

വാളയാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂർ പഴയന്നൂർ സ്വദേശിയായ യുവതിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് പാലക്കാട് ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.

രോഗബാധ കൂടുന്ന സാഹചര്യത്തിൽ പുതുതായി ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടിയുണ്ട്. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, വെളളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂർ, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

ജില്ലയിലെ സാഹചര്യം ഗുരുതരമായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാലിലധികം ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ലോക് ഡൗൺ ഇളവുകൾ പ്രകാരം കടകളുൾപ്പെടെ തുറന്ന് പ്രവർത്തിക്കാമെങ്കിലും കൂടുതൽ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. പരീക്ഷകൾ പതിവുപോലെ നടക്കും. കെഎസ്ആർടിസി സർവ്വീസ് നടത്തും.

രാവിലെ 7 മുതൽ രാത്രി 7 വരെയുളള യാത്രകൾക്കും നിയന്ത്രണമില്ല. എന്നാൽ റെഡ്സോൺ മേഖലയിൽ കർശന നിയന്ത്രണമുണ്ടാകും. അതിർത്തിയിൽ പരിശോധനയും പൊലീസ് വിന്യാസവും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

കേരളത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയരുമെന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. ഈ സാഹചര്യം പ്രതീക്ഷിച്ചതാണ്. അതിനനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ ആളുകൾ എത്തുന്നുണ്ട്. ഇവരിൽ പോസിറ്റീവ് കേസുകളും ഉണ്ടാവാം. ഇവർ ക്വാറന്റൈനിൽ കഴിയുകയും സർക്കാർ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ അവരിൽനിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook