കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇത് കൂടാതെ കോവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആയി. ഇതിൽ നാല് പേർ ഡിസ്ചാർജ് ആയി. ഇന്നലെ മാത്രം 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

Read More: Covid-19 Live Updates: പരിശോധനയ്ക്ക് തയ്യാറായില്ല; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

കോഴിക്കോട് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ 6E:89ൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിച്ചേരുകയും, 11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാർച്ച്‌ 17ന് ) രാത്രി
എട്ടിനും 8.30നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി.

തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മാർച്ച് 21ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30 മുതൽ രാത്രി എട്ട് മണി വരെ ചെന്നൈയിലുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ താമസിക്കുകയും ചെയ്തു. രാത്രി എട്ടുമണിക്ക് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇദ്ദേഹം 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയിൽ (12601) ട്രെയിനിന്റെ ബി3 കോച്ചിൽ യാത്ര ചെയ്ത് 21ാം തിയതി രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8.30 ന് എത്തി. വിമാനത്താവളത്തിലെ നിന്നും 9.30ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽകോളേജ് ട്രിയാജ് 3 ൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.