scorecardresearch
Latest News

ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇല്ല, പ്രവാസികളെ ഉടൻ വീട്ടിലേക്ക് വിടില്ല; മുഖ്യമന്ത്രി പറഞ്ഞത്

നാളെ മുതൽ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇല്ല

തിരുവനന്തപുരം: പ്രവാസികളുടെ തിരിച്ചെത്തലുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ മുൻഗണനാപട്ടിക കേന്ദ്രം അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ കണക്കനുസരിച്ച് 80,000 പ്രവാസികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുക എന്ന് പിണറായി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ:

മൂന്ന് പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് മൂന്ന് പേർക്കും കോവിഡ് പകർന്നത്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവർക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആർക്കും രോഗമുക്തിയില്ല. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത് 37 പേർ.

Read Also: പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനമൊരുങ്ങി; രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം

തിരിച്ചെത്തുന്ന പ്രവാസികളുടെ കാര്യത്തിൽ ആശയക്കുഴപ്പം

കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയുള്ള പ്രവാസികൾ 80,000 പേർ മാത്രമെന്ന് സൂചന. എല്ലാവരേയും തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ല. സംസ്ഥാനം നൽകിയ മുൻഗണനാ പട്ടിക കേന്ദ്രം തള്ളിയിട്ടുണ്ട്. കേരളത്തിന്റെ മുന്‍ഗണനാപട്ടികയില്‍ 1,69,133 പേരാണ് ഉള്ളത്. ഇത്രയും പേരെ തിരിച്ചെത്തിക്കാൻ പറ്റില്ലെന്നാണ് കേന്ദ്ര നിലപാട്. പ്രവാസികളെ പരിശോധിക്കാൻ രണ്ട് ലക്ഷം കിറ്റുകൾ തയ്യാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. രണ്ടരലക്ഷം കിടക്കകൾ പ്രവാസികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.

പ്രവാസികൾ തിരിച്ചെത്തുമ്പോൾ സ്വീകരിക്കുന്ന നടപടി

കേരളത്തിലെത്തുന്ന പ്രവാസികൾ ആദ്യം സർക്കാർ ക്വാറന്റെെനിൽ പോകണം. ഏഴ് ദിവസം ഇങ്ങനെ ക്വാറന്റെെനിൽ തുടരണം. ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തും. തൊട്ടടുത്ത ദിവസം ഫലം വരും. പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്നവരെ വീടുകളിലേക്ക് വിടും. ഇവർ വീടുകളിൽ ക്വാറന്റെെനിൽ തുടരണം. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രവാസികൾക്ക് ക്വാറന്റെെൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിന് പച്ചക്കൊടി ഇല്ല

പ്രവാസികളുടെ വരവിനായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഒരുക്കങ്ങൾ ചെയ്തിരുന്നു. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികൾ എത്തുന്നതിനു കേന്ദ്ര അനുമതിയായിട്ടില്ല. അതിനുള്ള കാരണം എന്താണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട നമ്പർ നിയന്ത്രണം ഇല്ല

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ്. ഒറ്റ, ഇരട്ട നമ്പർ അനുസരിച്ചുള്ള വാഹന നിയന്ത്രണം ഇനിയില്ല. എല്ലാ വാഹനങ്ങൾക്കും പുറത്തിറങ്ങാം. ഹോട്ട്‌സ്‌പോട്ടുകളിലും റെഡ് സോണുകളിലും നിയന്ത്രണം പതിവുപോലെ തുടരും.

വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചു

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കാൻ ട്രെയിൻ ലഭ്യമാക്കാൻ നടപടി തുടരുകയാണ്. വടക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ ട്രെയിൻ വഴി തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളിൽ വാഹനം ഇല്ലാത്തവർക്ക് വാഹനം ലഭ്യമാക്കാൻ നടപടി പരിഗണിക്കും. പലരും ഈ പ്രശ്നം സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനായി പണം നൽകാമെന്നും അവർ പറഞ്ഞിരുന്നു.

Read Also: മദ്യം സംസ്ഥാനങ്ങളുടെ ചാകരയാകുന്നത് എങ്ങനെ?

ഇവർക്ക് ഇളവുകൾ

ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഇസ്റോ, ഐടി മേഖലക്കാർ, ഡാറ്റ സെന്റർ ജീവനക്കാർ എന്നിവർക്ക് മറ്റു ജില്ലകളിലേക്ക് യാത്രക്ക് പാസ് വേണ്ട. അവരുടെ ഒഫീഷ്യൽ തിരിച്ചറിയൽ കാർഡ് മതി. രാത്രി 7.30 മുതലുള്ള യാത്രാ നിരോധനവും ഇവർക്ക് ബാധകമല്ല.

സർക്കാർ-സ്വകാര്യ ആശുപത്രികളുടെ സഹകരണം വേണം. ഇതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ മോണിറ്ററിങ് സംവിധാനം വേണം. പല ആശുപത്രികളും അവരുടെ സൗകര്യം വിട്ടുതരാം എന്ന് അറിയിച്ചിട്ടുണ്ട്. ശരിയായ ഏകോപനത്തോടെ വികേന്ദ്രീകൃതമായി മുന്നോട്ട് പോവും. അടുത്ത മൂന്നോ നാലോ മാസത്തെ അധിക ചികിത്സ കണക്കാക്ക് പിപിഇ, മാസ്ക് അടക്കമുള്ള ഉപകരണങ്ങൾ പരമാവധി കരുതി വയ്ക്കണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 cm pinarayi vijayan press meet