തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്ക് സർക്കാർ മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബങ്ങളെ മാറ്റിനിർത്തിയാണ് കഠിനാധ്വാനം ചെയ്യുന്നത്. ഒരു നിമിഷം അവരെ ഓർക്കണം. അവരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനം പ്രധാനപ്പെട്ടതാണ്. നാം കാണിക്കുന്ന അശ്രദ്ധ അവർക്ക് വലിയ ആഘാതമായി മാറാം. നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ചു പറയുകയാണ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് പ്രത്യേകം നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് പേർ കാസർഗോഡ് സ്വദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 105 ആയി. ഇതിൽ നാല് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. 101 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: ആരോട് പറയാൻ, ആര് കേൾക്കാൻ? നിയന്ത്രണങ്ങൾ വിലവയ്‌ക്കാതെ ജനം, ഇനി പ്ലാൻ ‘ബി’യെന്ന് പൊലീസ്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നു എത്തിയ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളവർ 72,460 പേരാണ്. ഇന്നലെ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ചു നോക്കുമ്പോൾ വെെറസ് ബാധിതരുടെ എണ്ണം കുറഞ്ഞത് സംസ്ഥാനത്തിന് നേരിയ ആശ്വാസമേകുന്നു.

ആശുപത്രിയിലേക്ക് പോകാൻ, മരുന്ന് വാങ്ങാൻ, അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസും ആവർത്തിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചുവയ്‌ക്കുന്ന നടപടിയിലേക്ക് അടക്കം പൊലീസ് കടക്കുമെന്നാണ് പൊലീസ് ഇന്നു വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.