കൊച്ചി: കോവിഡ് രോഗികളുടെ ഫോൺ നിരീക്ഷണത്തിൽ ഹൈക്കോടതിയിൽ നിലപാട് മാറ്റി സർക്കാർ. രോഗികളുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ ശേഖരിക്കുന്നുള്ളുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
Read Also:കോവിഡിന്റെ 200 ദിനങ്ങൾ; അതിശയിപ്പിക്കുന്ന ആത്മവീര്യത്തോടെ പോരാടിയെന്ന് പിണറായി
നിലപാട് വ്യക്തമാക്കി രണ്ട് ദിവസത്തിനകം വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
രോഗികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളല്ല ടവർ ലൊക്കേഷൻ കണ്ടെത്തലാണ് ഉദ്ദേശിക്കുന്നതെന്ന് ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസിന് അനുവാദം നൽകുന്ന സർക്കാർ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ആരോപിക്കുന്നു.
Read Also: കോവിഡ്; അഞ്ച് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടുകോടിയോളം പേർക്ക്
കോവിഡ് രോഗികൾ ക്വാറന്റെെൻ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതി. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. വ്യക്തികളുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തലയുടെ ഹർജിയിൽ പറയുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനേ പൊലീസിന് അധികാരമുള്ളൂവെന്നും രോഗികളുടെ അനുമതിയില്ലാതെയാണ് ഫോൺ നിരീക്ഷണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജി വെള്ളിയാഴ്‌ച പരിഗണിക്കും.