തിരുവനന്തപുരം: ‌കോവിഡ് 19നെ തുടര്‍ന്നുള്ള  ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍  ഇരുപത്തിയൊന്നു ദിവസത്തേക്ക് എല്ലാ മദ്യവില്‍പ്പനശാലകളും ബാറുകളും ക്ലബ്ബുകളും പൂട്ടാന്‍  മന്ത്രിസഭ തീരുമാനിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സാധ്യമാമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. മദ്യത്തിന്‍റെ ലഭ്യത പെട്ടെന്ന് നിറുത്തിയാല്‍വ്യാജ മദ്യം വില്കാനുള്ള സാധ്യതയും മറ്റ് സാമൂഹിക പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് ഓണ്‍ലൈന്‍  മദ്യവില്‍പ്പനയെപറ്റി ആലോചിക്കുന്നത്.

21 ദിവസത്തേക്ക് ബിവറേജുകൾ വഴി മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ബെവ്‌കോ എംഡി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര നിർദേശം അനുസരിച്ച് 21 ദിവസത്തേക്ക് മദ്യവിൽപ്പനയും ഉണ്ടാകില്ല. 21 ദിവസത്തിനു ശേഷം സ്ഥിതിഗതികൾ പരിശോധിച്ച് ബിവറേജ് ഔട്ട്‌ലറ്റുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കും,” ഓൺലെെൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നു നിർദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബെവ്‌കോ എംഡി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു

നേരത്തേ രണ്ടാഴ്ചത്തെ ലോക്ക് ഡൗണിന്റെ ഭാ​ഗമായി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബാറുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബെവ്കോയുടേയും കൺസ്യൂമ‍ർ ഫെഡിന്റേയും വിദേശ മദ്യവിൽപന ശാലകൾ അടച്ചിട്ടതുമില്ല. മദ്യത്തെ അവശ്യവസ്തുവായാണ് കാണുന്നതെന്നും പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ തീരുമാനം എടുത്തത്. എന്നാൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവനായി അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) സംസ്ഥാനത്തെ മദ്യ വിൽപ്പനയുടെ കുത്തക സ്ഥാപനമാണ്. ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), ബിയർ, വൈൻ എന്നിവ 14 ജില്ലകളിലായി 330 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നു. വളരെ ചെറിയ തോതിൽ, കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനമായ കൺസ്യൂമർഫെഡ് 36 വിദേശ മദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും മൂന്ന് ബിയർ ഷോപ്പുകളും നടത്തുന്നു. കൂടാതെ, സംസ്ഥാനത്തുടനീളം 3500 കള്ള് ഷാപ്പുകളിലായി പനങ്കള്ള് വിൽക്കുന്നുണ്ട്.

കേരളത്തിലെ മദ്യവിൽപ്പന ഓരോ വർഷവും ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഓണം, ക്രിസ്മസ്-ന്യൂ ഇയർ തുടങ്ങിയ ഉത്സവ സീസണുകളിൽ. 2018-19 ൽ ബെവ്കോ അതിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി മദ്യ വിൽപ്പനയിൽ നിന്ന് 14,504 കോടി രൂപ വരുമാനം നേടിയതായാണ് റിപ്പോർട്ട്. മുൻവർഷത്തെ 12,937.09 കോടി രൂപയുടെ വിൽപ്പനയിൽ നിന്ന് 1567.58 കോടി രൂപ കൂടുതലാണ് ഇത്. വിൽപ്പനയിൽ 12 ശതമാനം വർധന. എക്സൈസ് തീരുവയും മദ്യത്തിന്റെ വിൽപ്പന നികുതിയും വഴി കഴിഞ്ഞ വർഷം സർക്കാർ 11,000 കോടി രൂപ നേടി.

Read More: COVID-19 lockdown: Why Kerala is hesitant to enforce total ban on liquor

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.