കൊച്ചി: ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായ സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാരെയും ജയിൽ മോചിതരാക്കാൻ ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു. എപ്രിൽ 30 വരെയോ ലോക്ക്‌ഡൗണ്‍ അവസാനിക്കും വരെയോ താൽക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയിൽ മോചിതരാക്കാൻ ജസ്റ്റിസുമാരായ സി.കെ.അബ്ദുൾ റഹീം, സി.റ്റി.രവികുമാർ, രാജാവിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബഞ്ച് ഉത്തരവിട്ടത്.

സ്ഥിരം കുറ്റവാളികൾ, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ളവർ, ഒന്നിലേറെ കേസുകളിൽ റിമാൻഡിലുള്ളവർ, എന്നിവർക്ക് ഉത്തരവ് ബാധകമല്ല. ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജാമ്യത്തിനായി ചില ഉപാധികളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. താമസ സ്ഥലവും മറ്റു വിവരങ്ങളും പ്രതികൾ വ്യക്തമാക്കണം. ജയിൽ മോചിതരായാൽ ഉടൻ താമസസ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

Read Also: ‘സമാധാനമായിരിക്കൂ’; അതിഥി തൊഴിലാളികൾക്ക് സാന്ത്വനവുമായി ശബ്ദ സന്ദേശം

ജാമ്യത്തിൽ ഇറങ്ങുന്നവർ യാത്ര ചെയ്യാനോ പൊതു സമ്പർക്കത്തിൽ ഏർപ്പെടാനോ പാടില്ല. വ്യവസ്ഥകൾ ലംലിച്ചാൽ പൊലീസിനു അറസ്റ്റ് ചെയ്യാം. കാലാവധി കഴിയുമ്പോൾ വിചാരണ കോടതി മുൻപാകെ ഹാജരാവണം. വിചാരണ കോടതിക്ക് തുടർന്ന് ജാമ്യം നൽകണമോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാം.

അടിയന്തര സ്വാഭാവമുള്ള ജാമ്യാപേക്ഷകൾ പരിഗണിക്കാൻ ജില്ലാ കോടതികളിൽ വിഡിയോ കോൺഫറൻസ് സൗകര്യം ഏർപ്പെടുത്താനും നിർദേശമുണ്ട്. വിഡിയോ കോൺഫറൻസ് മുഖാന്തിരം അഭിഭാഷകർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും കോടതി നടപടികളിൽ പങ്കെടുക്കാം. അടിയന്തര കേസുകൾ ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബഞ്ച് വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കും. സംസ്ഥാനത്തെ മുഴുവൻ കോടതികളും അടച്ചിടാൻ ഫുൾ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്താണ് തിങ്കളാഴ്ചത്തെ ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.