തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കേരള മോഡൽ പ്രതിരോധത്തെ കുറിച്ച് ബിബിസിയിൽ വന്ന വാർത്ത പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. കോവിഡ് പ്രതിരോധത്തിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കേരളം ലോകത്തിനു തന്നെ തിളക്കമുള്ള മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്‌താണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
If the curve stays flat, Kerala will be a shining example for the world in managing
Covid. Tired of reading about S.Korea & other examples of how to manage the pandemic. @vijayanpinarayi Coronavirus: How India’s Kerala state ‘flattened the curve’ https://t.co/K2WR7spWvC— anand mahindra (@anandmahindra) April 17, 2020
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് വിവരിക്കുന്നതാണ് ബിബിസിയുടെ വാർത്ത. അതിഥി തൊഴിലാളികളുടെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ അടക്കം സംസ്ഥാനം മികച്ച രീതിയിൽ പ്രവർത്തിച്ചതായി ബിബിസി റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറസ് വ്യാപനത്തെ ചെറുക്കാൻ കേരളം നന്നായി പ്രവർത്തിച്ചു. സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് കാര്യങ്ങൾ തുടക്കംമുതലേ കൈകാര്യം ചെയ്‌തത്. രാജ്യം അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുൻപേ കേരളത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. വ്യക്തിവിവരശേഖരണത്തിൽ കേരളം നല്ലൊരു മാതൃകയാണ്. വിദേശത്തു നിന്ന് എത്തിയ കോവിഡ് ബാധിതരുടെ അടക്കം റൂട്ട് മാപ്പ് തയ്യാറാക്കിയ കാര്യവും ബിബിസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Read Also: ഹലോ, ബാലു അച്ഛൻ ആണോ? ഫോൺവിളിയുമായി പാറുക്കുട്ടി തിരക്കിലാണ്
ഒറ്റുപ്പെട്ടുപോയവർക്കായി സംസ്ഥാനത്ത് പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. ജില്ലാ അടിസ്ഥാനത്തിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കി. ആരോഗ്യപ്രവർത്തകർ നന്നായി പ്രവർത്തിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സയെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം കൂടുതൽ ശ്രദ്ധ നൽകിയതിനെയും ബിബിസി റിപ്പോർട്ടിൽ പുകഴ്‌ത്തിയിട്ടുണ്ട്.
Read Also: ‘അറിയാതൊരു ഗാന’ത്തിന്റെ പിറവിയെ കുറിച്ച് മഞ്ജരി
ആഗോള തലത്തിൽ തന്നെ കേരള മോഡലിനു വലിയ സ്വീകാര്യത ലഭിക്കുന്നതിനിടയിലാണ് ആനന്ദ് മഹീന്ദ്രയും കേരളത്തെ പുകഴ്‌ത്തിയിരിക്കുന്നത്. കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആനന്ദ് മഹീന്ദ്ര നേരത്തെ പറഞ്ഞിരുന്നു.