തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി നാളെ തീരാനിരിക്കെ സംസ്ഥാനത്ത് ബിവറേജസ് ഷോപ്പുകള്‍ തുറക്കുമോയെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ സജീവമായി വരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം ആയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.
Read Also: Kerala Weather: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ചിലയിടങ്ങളിൽ നാളെ നേരിയ മഴ
“പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ബിവറേജുകളും ബാറുകളും തുറക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം സ്വീകരിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളായിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനത്തിനുശേഷം സംസ്ഥാന മന്ത്രിസഭായോഗം ചേരും. ഇതിനുശേഷമായിരിക്കും ബിവറേജുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക,” എന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്രസർക്കാരിനോടു അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ചില മേഖലകൾക്ക് ഇളവുകൾ ഉണ്ടായേക്കും.
നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതു നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ഏതെല്ലാം മേഖലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും നാളെ അറിയാം.
Read Also: കോവിഡ്: വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നു ഒരു തീരുമാനംവരും മുൻപേ ആറ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ തുടരുമെങ്കിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള അധികാരം കേന്ദ്രം നൽകിയേക്കും. ഏതെല്ലാം മേഖലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് നാളെ വ്യക്തമാകും.