തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മദ്യഷോപ്പുകൾ അടച്ചിട്ടത് മറ്റൊരു പ്രതിസന്ധിക്ക് കാരണമാകുന്നു. അമിത മദ്യാസക്‌തിയുള്ളവർ മദ്യം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത നിരാശയിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് പേരാണ് ആത്മഹത്യ ചെയ്‌തത്. ഇങ്ങനെയൊരു പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമിത മദ്യാസക്‌തിയുള്ളവർക്ക് മാനസികമായ പ്രശ്‌നങ്ങൾ ഉള്ളതായി കാണുന്നുണ്ട്. അങ്ങനെയുള്ളവർ ആരോഗ്യവിദഗ്‌ധരെ കാണണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുന്നവർക്ക് ഡോക്‌ടർമാരുടെ നിർദേശപ്രകാരം മദ്യം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ എക്‌സെെസ് വകുപ്പിനു നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോക്‌ടർമാരുടെ നിർദേശമുള്ളവർക്ക് മാത്രമാണ് ഇങ്ങനെ മദ്യം നൽകുകയെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read Also: ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോർട്ട് തേടി

ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളിലോ ആത്മഹത്യയിലോ കൊണ്ടെത്തിക്കും. ഇതു മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ഛര്‍ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ആള്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്.

Read Also: വീട് എത്താറാകുമ്പോൾ വിളിച്ചുപറയും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

അതേസമയം, കേരളത്തിൽ ഇന്നുമാത്രം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുമാത്രം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് 148 പേരെ. സംസ്ഥാനത്ത് ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും ആണ്. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.