തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.

Read More: ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു പോകാനുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു കർണാടക

എന്നാല്‍ വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏഴ് ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈനിലും തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീടുകളിലേക്ക് അയക്കുകയും ചെയ്യുമെന്നായിരുന്നു. വീട്ടില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 80,000 പ്രവാസികളാണ് തിരിച്ചെത്താൻ സാധ്യത. പ്രവാസികളെ പരിശോധിക്കാൻ രണ്ട് ലക്ഷം കിറ്റുകൾ തയ്യാറാക്കിയതായും രണ്ടരലക്ഷം കിടക്കകൾ പ്രവാസികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

കേന്ദ്ര ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളില്‍നിന്ന് വളരെ കുറച്ചുപേരെ മാത്രമേ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. “കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചുദിവസം എത്തിച്ചേരുക 2250 പേരാണ്. ഇന്ത്യാ ഗവണ്‍മെന്റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും വിവരമുണ്ട്. എന്നാല്‍, അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ട്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരാണ്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.