തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേർക്ക്. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്.

Read Also: വ്യാജ വാർത്തകൾ വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത്: നദിയ മൊയ്തു

മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് 18 മലയാളികൾ മരിച്ചെന്നും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 266 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് മൂന്ന് പേർ സംസ്ഥാനത്ത് രോഗമുക്തരായി. സംസ്ഥാനത്ത് 1,52,894 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1,52,009 പേർ വീടുകളിലും 795 പേർ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് മാത്രം 122 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചത്. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 18 ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: കോവിഡ് – 19 ലോക്ക്ഡൗണ്‍: ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍

ഏത് പ്രതിസന്ധി നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലധികം ആശുപത്രി കിടക്കകള്‍ സംസ്ഥാനത്ത് സജ്ജമാണ്. ആശുപത്രികളില്‍ 10,813 ഐസലേഷന്‍ കിടക്കള്‍ ഉണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളിൽ 17461 ഐസലേഷന്‍ കിടക്കകള്‍ സജ്ജമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.