കൊച്ചി: ഹൈക്കോടതി അടക്കം സംസ്ഥാനത്തെ മുഴുവൻ കോടതികളും 21 ദിവസത്തേക്ക് അടച്ചിടാൻ ഹെെക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.മണി ജസ്റ്റിസ് മാരായ സി.കെ.അബ്ദൾറഹിം, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. കോവിഡ് രോഗബാധയെത്തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹെെക്കോടതി ഈ വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.

അടുത്ത മാസം 14 വരെയാണ് കോടതികൾ അടച്ചിടുക. ഇക്കാലയളവിൽ റവന്യൂ റിക്കവറി നടപടികളും നിർത്തിവയ്ക്കും. സംസ്ഥാനത്തെ മുഴുവൻ കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച എല്ലാ ഇടക്കാല ഉത്തരവുകളും ഹെെക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു മാസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.

നേരത്തേ അടുത്തമാസം എട്ട് വരെ ഹെെക്കോടതി അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഈ മാസം 23നായിരുന്നു ഉത്തരവ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ കോടതി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ഹെെക്കോടതി ഇന്ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

ജയിലുകളിലെ തിരക്ക് കുറക്കുന്നതിന് സുപ്രിം കോടതി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ റിമാൻഡ് ഉത്തരവുകൾ മജിസ്ട്രേറ്റുമാർ പുറപ്പെടുവിക്കാവൂ എന്നും കോടതി നിർദ്ദേശിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി, ഏഴ് വർഷത്തിൽ താഴെ ശിക്ഷാകാലാവധിയുള്ള കേസുകളിലെ തടവുകാരെ വിട്ടയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.

തടവുകാരെ ഒഴിവാക്കുന്ന കാര്യത്തിൽ തിരുമാനമെടുക്കാൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രിം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ചതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു.സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവരാണ് സമിതി അംഗങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.