തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ നിന്ന് കർണാടകയിലെ ആശുപത്രികളിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോവുന്ന ആംബുലൻസുകൾ കടത്തിവിടാൻ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഏത് ആശുപത്രിയിലേക്കാണ് പോവുന്നതെന്ന വിവരവും കർണാടക അതിർത്തിയിലെ മെഡിക്കൽ സംഘത്തെ കാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നു.
Posted by Pinarayi Vijayan on Monday, 6 April 2020
തലപ്പാടി ചെക്ക് പോസ്റ്റിലാണ് കർണാടകയുടെ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അവരെ കാണിച്ച് ഏത് ആശുപത്രിയേലാക്കാണ് പോവുന്നതെന്നറിയിച്ച് അനുവാദം വാങ്ങാമെന്നാണ് കർണാടക സർക്കാർ അറിയിച്ചത്.
Also Read: അത് അശാസ്‌ത്രീയത തന്നെ, പക്ഷേ.., ക്ലിഫ് ഹൗസിൽ ലെെറ്റ് അണച്ചതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
അതേസമയം, കർണാടക തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിൽ എത്താനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കർണാടകയിലെ ബെെരക്കുപ്പ, മച്ചൂർ എന്നിവിടങ്ങളിൽ നിന്നും തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നിന്നുമുള്ളവരാണ് വയനാട്ടിൽ ചികിത്സയ്ക്കെത്തുന്നത്. ബെെരക്കുപ്പയിൽ നിന്ന് 29 പേരും തമിഴ്നാട്ടിൽ നിന്ന് 44 പേരും കഴിഞ്ഞ ദിവസം വയനാട്ടിൽ ചികിത്സയ്ക്കെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി
കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങി. നാലു ദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ കോവിഡ് രോഗബാധിതർക്ക് വേണ്ടി 200ഓളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളുംകൂടി ഉടൻ സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
26 പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തിയിട്ടുണ്ട്. പതിനൊന്ന് ഡോക്ടർമാർ, പത്ത് സ്റ്റാഫ് നഴ്സ്, അഞ്ച് അസിസ്റ്റന്റ് നഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.
കോവിഡ് 19ന്റെ ഏതു സാഹചര്യത്തേയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നേകാൽ ലക്ഷത്തിലധികം കിടക്കകൾ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയർ സെന്ററുകളും തയ്യാറാക്കിയിട്ടുണ്ട്. 10,813 ഐസലേഷൻ ബെഡ് ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. 517 കൊറോണ കെയർ സെന്ററുകളിൽ 17,461 ഐസലേഷൻ ബെഡുകളും ഉണ്ട്.
31 കൊറോണ കെയർ ആശുപത്രികൾ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് ഉടൻ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അത്യാവശ്യഘട്ടം വന്നാൽ ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള 1,53,000 കിടക്കകൾ പൊതുമരാമത്ത് വകുപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരായ ക്ഷീരകർഷകർക്ക് 10,000 രൂപ
കോവിഡ് ബാധിതരായ ക്ഷീര കർഷകർക്ക് 10,000 രൂപ വീതവും നിരീക്ഷണത്തിലുള്ള ക്ഷീരകർഷകർക്ക് 2000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമാവും സഹായം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 01 മുതൽ 20 വരെ ക്ഷീര സംഘങ്ങളിൽ പാൽ അളന്ന എല്ലാ ക്ഷീരകർഷകർക്കും ലിറ്ററിന് ഒരു രൂപ വച്ച് ആശ്വാസ ധനമായി നൽകും ക്ഷീര സംഘങ്ങൾ വഴിയാണ് നൽകുക. ഒരാൾക്ക് 250 രൂപയ്ക്കും 1000 രൂപയ്കും ഇടയിലുള്ള തുകയാണ് അനുവദിക്കുക. ലോക്ക്ഡൗൺ അവസാനിക്കുന്നതിന് മുൻപ് ഈ തുക നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: ഹലോ… സുഖമല്ലേ? പ്രായമായവരെ തേടി കുടുംബശ്രീ പ്രവര്‍ത്തകരുടെ വിളിയെത്തും
സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 18 ആയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.