തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗൺ തുടരുന്നതിനിടെ സംസ്ഥാനത്ത് നോക്കു കൂലി വീണ്ടും കൊണ്ടുവരാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. വീണ്ടും നോക്കുകൂലി വാങ്ങാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവല്ലയിൽ തൊഴിലാളികൾ നോക്കുകൂലി ഈടാക്കിയെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നമ്മുടെ സമൂഹം നേരത്തേ ഒഴിവാക്കിയ ഒരു കാര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് തിരുവല്ലയിൽ കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവല്ലയിൽ സൺ ഫ്ലവർ ഓയിൽ ഇറക്കാൻ വന്ന ലോറിയിൽ നിന്ന് ചരക്കിറക്കണമെങ്കിൽ നോക്കുകൂലി വേണമെന്ന് ചിലർ നിർബന്ധിക്കുന്ന അവസ്ഥയുണ്ടായി. ഏതെങ്കിലും ഒരാൾ നോക്കു കൂലി ആവശ്യപ്പെടുന്ന നിലവന്നാൽ ശക്തമായ നടപടി എടുക്കാമെന്നാണ് ധാരണ. ഇത്തരമൊരു ഘട്ടത്തിൽ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കുന്നത് കയ്യും കെട്ടി നോക്കിനിൽക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.
Posted by Pinarayi Vijayan on Monday, 13 April 2020
ഫലപ്രദമായ നടപടി ഈ ഘട്ടത്തിലുണ്ടാവണമെന്ന് പൊലീസിന് നിർദേശം നൽകി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റു ചില ചരക്കുകളും ചിലയിടത്ത് ഇറക്കാൻ ചെന്നപ്പോൾ സമാനമായ അവസ്ഥയുണ്ടായി. അത്തരം വഴിവിട്ട നീക്കങ്ങൾ നടത്തുന്നവർ അതിൽ നിന്ന് മാറി നിൽക്കണം. അംഗീകൃത കൂലിക്ക് അർഹതയുണ്ടെങ്കിൽ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരിൽനിന്നും ഉണ്ടാവരുത്. അതുണ്ടായാൽ അത് സമ്മതിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെങ്കിൽ സ്വീകരിക്കണമെന്നാണ് നിർദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുക്കള നടത്തിപ്പിൽ രാഷ്ട്രീയം വേണ്ട
അതേസമയം, സമൂഹ അടുക്കള നടത്തിപ്പിൽ രാഷ്ട്രീയ ഇടപെടൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ അടുക്കള രാഷ്ട്രീയ സംഘടനകൾ ഏറ്റെടുത്തതായി ശ്രദ്ധയിൽ പെട്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിഷു ആയതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കരുത്
സംസ്ഥാനത്ത് കോവിഡ്-19 രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. നിയന്ത്രണങ്ങൾ പാലിക്കണം. മഹാവിപത്തിനെയാണ് നമ്മൾ നേരിടുന്നത്. ജാഗ്രതയിൽ തരിമ്പ് പോലും വിട്ടുവീഴ്ച അരുത്. അങ്ങനെവന്നാൽ അതു കൂടുതൽ ആപത്താകും. വിഷു ആയതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന സമീപനം പാടില്ല. വിഷു തലേന്ന് ആയതിനാൽ ഇന്ന് പൊതുനിരത്തുകളിൽ തിരക്ക് വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഒരു തരത്തിലുള്ള അശ്രദ്ധയും അരുത്. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.