തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡുള്ള ആറുപേർക്കും എറണാകുളം, കണ്ണൂർ ജില്ലകളിലെ മൂന്ന് പേർക്ക് വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇതിൽ മൂന്ന് പേർക്ക് നേരത്തെ തന്നെ രോഗം ഭേദമായിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 53013 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 52702 പേർ വീടുകളിലും 232 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലറിയിച്ചു.

Also Read: കോവിഡ്-19: കൊച്ചി മെട്രോ സർവീസുകൾ കുറയ്ക്കുന്നു

കൊറോണ പ്രതിരോധം ശക്തമാക്കാൻ ജാതി മത ഭേദമന്യേ മനുഷ്യനെന്ന ഒറ്റ ചിന്തയോടെയാണ് നാം മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ഒഴിവാക്കണമെന്ന ആവശ്യം മതമേലധ്യക്ഷന്മാർ ഒരു മടിയും കൂടാതെ അംഗീകരിച്ചു.

അതേസമയം സർക്കാർ നിയന്ത്രണങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ചിലരും നമ്മുടെയിടയിലുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചില ആരാധനാലയങ്ങളിൽ ആയിരകണക്കിന് ആളുകൾ എത്തിച്ചേരുന്ന സാഹചര്യമുണ്ടായി. അത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ നിരോധനാഞ്ജ ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ചൈനയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ ബോധവൽക്കരണമുൾപ്പടെയുള്ള പ്രതിരോധ പരിപാടികൾ ശക്തമാക്കാൻ കേരളത്തിനായി. പിന്നീട് ഇറ്റലിയടക്കമുള്ള വികസിത രാജ്യങ്ങളിൽ പോലും കോവിഡ് വളരെ വേഗം പടർന്നു പിടിക്കുന്നത് നാം കണ്ടു. ഈ അനുഭവങ്ങളെല്ലാം കണക്കിലെടുത്താണ് കേരളം ഓരോ ഘട്ടവും വിശകലനം ചെയ്ത് കോവിഡിനെതിരായ നടപടികൾ ശക്തമാക്കിയത്. എന്നാൽ പലരും ഇപ്പോഴും ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന നിലപാടിലാണ്. അത്തരക്കാരോട് കർശനമായി ഒരു കാര്യം വ്യക്തമാക്കുകയാണ്, കർശനമായ നടപടികൾ നേരിടേണ്ടി വരും,” മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.