തിരുവനന്തപുരം: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുന്നവർക്ക് അഭിവാദ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയിൽ ലോകം സ്തംഭിച്ച് നിൽക്കുമ്പോൾ, ഭയമൊഴിഞ്ഞ ഒരു ദിവസത്തിലേക്ക് എത്തിക്കാൻ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളിവിടെയുണ്ടെന്ന വാചകത്തോടെ ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അത്തരക്കാർക്ക് കേരളത്തിന്റെ അഭിവാദ്യം അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

Also Read: ജനതാ കര്‍ഫ്യൂ കഴിഞ്ഞാലും ഇന്ന് വീട്ടിലിരിക്കുക: നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

ഓരോ ദുരന്തങ്ങളിലും നമുക്ക് കൈത്താങ്ങാവുന്ന, പരിചരണം തരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഇന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനായി ഈ പോരാട്ടത്തിന് മുൻപിലുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, ലാബ് & തീയറ്റർ ടെക്നീഷ്യൻസ്, അറ്റൻഡർസ്, ക്ലീനിംഗ് സ്റ്റാഫ്സ്, ഫാർമസിസ്റ്റുകൾ, ആംബുലൻസ് ഡ്രൈവർമാർ, കൗൺസിലർസ്, ഹെൽത്ത് ഇൻസ്പെക്ടർസ്, ആശാ വർക്കേർസ് തുടങ്ങിയവരുടെ അത്യധ്വാനമാണ് നമ്മളെ ഇതുവരെ പിടിച്ചു നിൽക്കാൻ പ്രാപ്തരാക്കിയതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒപ്പം സംസ്ഥാനത്തെ പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ തുടങ്ങിയ സേനാംഗങ്ങളും സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ ഈ പോരാട്ടത്തിന്റെ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി. കോവിഡ് -19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മുന്നോട്ടു പോകാൻ കരുത്തേകുന്നത് ഈ പിന്തുണയാണെന്നും കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നമുക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഊർജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാമെന്നും മുഖ്യമന്ത്രി.

Also Read: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ല

അതേസമയം കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.