തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 39 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 164 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെ​ഗറ്റീവാണ് ഫലമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ കൊല്ലത്ത് മാത്രമായിരുന്നു കൊറോണ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത്.

ആകെ 110299 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 109683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 5679 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4448 എണ്ണം നെഗറ്റീവാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. ഇതിലേറെയും കാസ‍‍ർകോഡ് ജില്ലയിലുമാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നും സ്ഥിതി ​ഗൗരവകരമാണെന്നും ഏത് സാഹചര്യം നേരിടാനും നാം തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സ സൗകര്യങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളെജ് ആശുപത്രികൾ കോവിഡ് ആശുപത്രികളാക്കി മാറ്റാനും തീരുമാനമായി. കോവിഡ്-19 വൈറസ് ബാധ മൂലം രോഗം മൂർച്ചിച്ച ആളുകളെ ചികത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളെജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇവിടെ 200 കിടക്കകൾ, 40 ഐസിയു കിടക്കകൾ, 15 വെന്റിലേറ്ററുകൾ എന്നിങ്ങനെയുണ്ടാകും.കാസർഗോഡ് മെഡിക്കൽ കോളെജ് ആശുപത്രിക്കായി പണിയുന്ന കെട്ടിടവും കോവിഡ് ആശുപത്രിയാക്കി മാറ്റും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.