കേരളത്തിൽ ഇന്ന് ഒമ്പത് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതിയതതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദ്ദീനിലെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. അതേസമയം രോഗത്തിന്റെ വ്യാപനം തടയുന്നതിൽ സംസ്ഥാനത്തിനായെന്ന് തെളിയിക്കുന്നതാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി. നമ്മുടെ ഒറ്റക്കെട്ടായുള്ള പരിശ്രത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 295 പേർക്കെന്ന് മുഖ്യമന്ത്രി. ഇതിൽ 206 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും 7 വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 78 പേർക്കാണ്. നിസാമുദ്ദീനിൽ നിന്നെത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കേസുകളും നിസാമുദ്ദീനിലെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവരായിരുന്നു. ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കും സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു.

Also Read: ഒടുവിൽ അവർ തന്നെ ജയിച്ചു; വൃദ്ധ ദമ്പതികളും ചികിത്സിച്ച നഴ്സും ആശുപത്രി വിട്ടു

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു. ണ്ണൂരിൽ അഞ്ച് പേരും കാസർഗോഡ് മൂന്ന് പേരും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്കു വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം ഭേദമായത്. റാന്നിയിലെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. . സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെയും പ്രവർത്തകരുടെയും മികവാണ് നേട്ടത്തിന് കാരണമെന്ന് മുഖ്യമന്ത്രി. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി. നിലവിൽ 251 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത്.

Also Read: കോഴിക്കോട് ജില്ലയില്‍ ഉഷ്‌ണതരംഗ സാധ്യത; പകല്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക

കേരളത്തിൽ നിലവിൽ 169997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 169291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് മാത്രം 154 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8126ഉം നെഗറ്റീവാണെന്നും മുഖ്യമന്ത്രി.

പരിശോധന കൂടുതൽ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി. നിലവിൽ നാല് അഞ്ച് ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. ഇനി മുതൽ ഇത് രണ്ടാക്കും. അതോടൊപ്പം റാപ്പിഡ് ടെസ്റ്റ് സംവിധാനവും നിലവിൽ വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.