തിരുവനന്തപുരം: കേരളത്തിൽ പുതിയതായി ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആകുകയും ചെയ്തു.

കേരളത്തിൽ ഇപ്പോൾ 134370 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 133750 പേരും ആശുപത്രികളിൽ 620 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.

കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം ഭേദമായത്. അതേസമയം കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണിത്. 69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നു രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്.

ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു എന്ന കാരണത്താൽ ആശങ്ക ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി. മുൻകരുതൽ നടപടികൾ കർക്കശമായി തന്നെ തുടരണമെന്നും മുഖ്യമന്ത്രി. നിരീക്ഷണത്തിലുള്ള ആളുകൾ ശക്തമായി തന്നെ നിരീക്ഷണം തുടരണം. ഏതെങ്കിലും തരത്തിലുള്ള സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് അറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനും തീരുമാനമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.