scorecardresearch
Latest News

കേരളത്തിൽ 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 126 പേർ

സംസ്ഥാനത്ത് ആകെ 102003 ആളുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്

കേരളത്തിൽ 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 126 പേർ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 137 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്, 12 പേർ നേരത്തെ രോഗം ഭേദമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലാണ്. കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും തൃശൂരിൽ രണ്ടു പേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ 102003 ആളുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 601 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Also Read: 1.7 ലക്ഷം കോടിയുടെ കോവിഡ്-19 സാമ്പത്തിക പാക്കേജ്: പ്രഖ്യാപനങ്ങൾ എന്തെല്ലാം; ആർക്കെല്ലാം സഹായകരമാവും

കൊറോണയുടെ ഏത് ഘട്ടത്തെയും നേരിടുന്നതിനുള്ള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകളുണ്ട് 5607 ഐസിയു സൗകര്യവുമുണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുണ്ട്. ഇതിൽ ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.

കൊറോണ പോലൊരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ 22 മുതൽ 40 വരെ പ്രായമുള്ളവരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിക്കും. രണ്ട് ലക്ഷത്തിലധികം ആളുകൾ വരുന്ന സന്നദ്ധ സേന രംഗത്തിറങ്ങേണ്ടതുണ്ട്. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകരുണ്ടാകും മുൻസിപ്പാലിറ്റികളിൽ 500 വീതവും കോർപ്പറേഷനുകളിൽ 750 വീതവും പ്രവർത്തകരുമാകും സേവനത്തിനിറങ്ങുക.

Also Read: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഓൺലൈൻ വഴി നടത്തുന്ന രജിസ്ട്രേഷനിലൂടെ സന്നദ്ധ സേനയിൽ അംഗമാകാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വീടുകളിൽ എത്തിച്ചുകൊടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇവർ ചെയ്യേണ്ടതെന്നും അതിന് സന്നദ്ധരായി ആളുകൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 1465 യുവ വോളിന്റിയർമാരെ ആശുപത്രികളിലും ഒറ്റപ്പെട്ടും കഴിയുന്ന ആളുകളെ സഹായിക്കാനും കൂട്ടിരിപ്പിനും യുവജന കമ്മിഷൻ നേരത്തെ തന്നെ തിരഞ്ഞെടുത്തതായും മുഖ്യമന്ത്രി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus cm pinarayi vijayan daily updation new cases of covid 19 and government action