തിരുവനന്തപുരം: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് വിവര വിശകലന സ്ഥാപനത്തിന്റെ സഹായം തേടിയതിൽ സർക്കാരിന് മറയ്ക്കാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി. ഡാറ്റാ അനാലിസിസ് സ്ഥാപനമായ സ്പ്രിങ്ക്ളറിന് സംസ്ഥാനത്തെ കോവിഡ്  രോഗ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കെെമാറിയത് സംബന്ധിച്ച വിവാദത്തെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട, റേഷൻ കാർഡ് വിവരങ്ങൾ ചോർത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഫ്റ്റ് വെയർ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇത് അനാവശ്യമായ ചർച്ചയാണെന്നും ഒരുവിധത്തിലുള്ള ക്രമക്കേടും വിവരചോർച്ചയും ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ ഈ സർക്കാരിനുണ്ടെന്നും വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സ്‌പ്രി‌ങ്ക്‌ളർ: 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ ചോർത്തി: ചെന്നിത്തല

സാമ്പത്തിക ബാധ്യതയില്ലാത്തതിനാലാണ് സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമ വകുപ്പിന് കെെമാറാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെെമാറുന്ന വിവരങ്ങളുടെ പൂർണ അവകാശം സർക്കാരിനായിരിക്കും. രാജ്യത്തെ സെർവറുകളിൽ തന്നെ വിവരം സൂക്ഷിക്കുമെന്ന് കമ്പനിയുമായുള്ള കരാറിൽ ധാരണയിലെത്തിയിരുന്നു. ഈ വിവരം മറ്റൊരു കാര്യങ്ങൾക്കും ഉപയോഗിച്ചില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 മായി ബന്ധപ്പെട്ട് വിവര വിശകലനത്തിനുള്ള സോഫ്റ്റ്‌വെയർ ഉപയോഗം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും….

Posted by Pinarayi Vijayan on Wednesday, 15 April 2020

“കോവിഡ് പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിൻറെ എല്ലാ വകുപ്പുകളും അതിൻറെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി പ്രവർത്തനം നടത്തുകയാണ് ചെയ്യുന്നത്.  ലഭിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ വിശകലനം ചെയ്ത് ആവശ്യമായ മുൻകരുതലുകൾ എടുത്താൽ മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുരോഗതി ഇതിനായി സർക്കാർ ഉപയോഗപ്പെടുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, ഇമെയിലുകൾ, ഫോൺകോളുകൾ, ഇങ്ങനെ വിവിധ വഴികളിൽ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചു വിവര വിശകലനം നടത്തുന്ന മികച്ച സംവിധാനം നിലവിലുള്ള സ്ഥാപനമാണ് ആണ് ഇപ്പോൾ പരാമർശിക്കപ്പെടുന്ന കമ്പനി. ഇനി ഈ കമ്പനി ആവട്ടെ മലയാളിയായ രാഗി തോമസ് നടത്തുന്നതാണ് .രോഗബാധ സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനും കമ്പനിയുടെ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.“- മുഖ്യമന്ത്രി പറഞ്ഞു. വിവരം നല്‍കുന്ന വ്യക്തികളെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സ്പ്രിങ്ക്‌ളര്‍ വിവാദം: പൗരന്‍മാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ ഡിലിറ്റ് ചെയ്യുമെന്ന് കരാര്‍

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളറിന്റെ സെര്‍വറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നത്.  മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കാനാണ് കമ്പനിയുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. ഏപ്രില്‍ രണ്ടിനു ധാരണയിലെത്തിയ കരാറിനെക്കുറിച്ചുള്ള രേഖകൾ സംഭവം വിവാദമായതോടെ സർക്കാർ പുറത്തുവിട്ടിരുന്നു.  സ്പ്രിങ്ക്‌ളര്‍ സര്‍ക്കാരിന് അയച്ച കത്തുകളും പുറത്തുവിട്ടിട്ടുണ്ട്. സ്പ്രിങ്ക്‌ളറുടെ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വിവരങ്ങളുടേയും മേലുള്ള അവകാശം കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കുമാണെന്ന് കത്തിൽ പറയുന്നു.

കമ്പനി ഈ വിവരങ്ങള്‍ മറിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ കമ്പനിക്ക് ചോർത്തിയെന്നു പറഞ്ഞ ചെന്നത്തല രണ്ട് വർഷമായി അമേരിക്കയിൽ തട്ടിപ്പ് കേസ് നേരിടുന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ഇങ്ങനെയൊരു ചുമതല നൽകിയത് എന്തിനാണെന്നും ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.