scorecardresearch

Covid 19: പൊങ്കാല അര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പൊങ്കാല സമയത്ത് ധാരാളം ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും കാണാന്‍ സാധ്യതയുണ്ട്. പരിചയം പുതുക്കാന്‍ ഹസ്തദാനം നല്‍കാതെ, നമസ്‌കാരം പറയാന്‍ ശ്രദ്ധിക്കുക. മുൻ കരുതൽ മാർഗങ്ങളെക്കുറിച്ച് ഡോ.ജ്യോതിദേവ് എഴുതുന്നു

Covid 19: പൊങ്കാല അര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങിയിരിക്കുകയാണു തിരുവനന്തപുരം നഗരം. പ്രായഭേദമെന്യേ ആയിരക്കണക്കിനു ഭക്തജനങ്ങളാണു നാളെ പൊങ്കാല അര്‍പ്പിക്കുക. കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തവണ പൊങ്കാല നടക്കുന്നത്.

പൊങ്കാല തൊട്ടടുത്ത് എത്തിനില്‍ക്കെയാണു സമീപപ്രദേശമായ പത്തനംതിട്ടയില്‍ അഞ്ചുപേരില്‍ രോഗം സ്ഥിരീകരിച്ചത്. ഇത്രയും വൈകിയ സാഹചര്യത്തില്‍ പൊങ്കാലച്ചടങ്ങ് ഉപേക്ഷിക്കുക പ്രായോഗികമല്ലെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. കാരണം ചടങ്ങിനായി വിദൂരങ്ങളില്‍നിന്നു പോലും സ്ത്രീകള്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. രോഗം പടരാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുകയാണ് ഇനി ചെയ്യാന്‍ കഴിയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ലോകം മുഴുവന്‍ വൈറസ് പടരുന്ന രീതിയും രോഗത്തിന്റെ സ്വഭാവവും അവലോകനം ചെയ്യുമ്പോള്‍ രണ്ടു ശതമാനം പേരാണു മരണം ഉള്‍പ്പെടെയുള്ള ഗുരുതരാവസ്ഥയില്‍ എത്തുന്നത്. ശരാശരി അഞ്ചിലൊരാള്‍ക്കു വീതം ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ വേണ്ടിവരുന്നു. 40 വയസ് കഴിഞ്ഞവര്‍ക്കാണു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. കരള്‍, ശ്വാസകോശ, ഹൃദയ, വൃക്ക, പ്രമേഹ രോഗങ്ങളുള്ളവരിലും വൈറസ് വില്ലനാവുന്നു. അതിനാല്‍, പൊങ്കാലയ്ക്കു വരുന്ന ഈ രോഗമുള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണം. ഈ രോഗങ്ങളില്ലെങ്കില്‍ കൂടിയും നാല്‍പ്പത് വയസ് കഴിഞ്ഞ എല്ലാവരും ജാഗ്രത പുലര്‍ത്തണം. പ്രായമുള്ളവര്‍ക്കു കൊറോണ വൈറസ് ബാധിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ബുദ്ധിമുണ്ടാകും. അതിനാല്‍ ഉടനെ ചികിത്സ തേടുന്നതാണു നല്ലത്.

Read Also: Covid 19: ഈ 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

വൈറസ് ശരീരത്തില്‍ കടന്നാലും പെട്ടെന്ന് നാം അറിയണമെന്നില്ല. കാരണം ജലദോഷപ്പനിയുടെ അതേ ലക്ഷണങ്ങളാണു കൊറോണ വൈറസ് ബാധിച്ചവരിലുമുണ്ടാകുക. അതിനാല്‍ ചെറിയ ജലദോഷമോ തൊണ്ടവേദനയോ പനിയോ ഉള്ളവര്‍ പൊങ്കാലയില്‍നിന്നു മാറിനില്‍ക്കുകയാണു വേണ്ടത്. ചികിത്സ തേടുകയും വേണം. പൊങ്കാലയ്ക്കു പോയേ തീരൂ എന്നാണെങ്കില്‍ മുഖാവരണം ഉപയോഗിക്കുക. രോഗം വരാതിരിക്കാന്‍ മുഖാവരണം (മാസ്‌ക്) കൊണ്ട് വലിയ പ്രയോജനമില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. രോഗം മറ്റുള്ളവരിലേക്കു പടരാതിരിക്കാനാണു മുഖാവരണം സഹായിക്കുന്നത്.

രോഗം വരാതിരിക്കാനുള്ള പ്രതിവിധിയായി ലോകരോഗ്യ സംഘടന പറയുന്നതു സോപ്പ് ഉപയോഗിച്ച് 30 സെക്കന്‍ഡ് കൈ കഴുക എന്നതാണ്. എന്നാല്‍ പൊങ്കാല സമയത്ത് കൈ കഴുകുക എന്നതു പ്രായോഗികമല്ല. അതിനാല്‍ ഹാന്‍ഡ് സാനിറ്റെെസര്‍ കരുതുക.

ഹസ്തദാനം വേണ്ട, നമസ്‌കാരം മതി

പൊങ്കാല സമയത്ത് ധാരാളം ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും കാണാന്‍ സാധ്യതയുണ്ട്. പരിചയം പുതുക്കാന്‍ ഹസ്തദാനം നല്‍കാതെ, നമസ്‌കാരം പറയാന്‍ ശ്രദ്ധിക്കുക. അഥവാ സ്പര്‍ശിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിച്ച് കൈ അണുമുക്തമാക്കുക. കൈയിലുടനീളവും വിരലുകള്‍ക്കിടയിലും സാനിറ്റൈസര്‍ പുരട്ടണം. ചുരുങ്ങിയത് 30 സെക്കന്‍ഡെങ്കിലും സാനിറ്റെെസര്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ. 60 ശതമാനം ആല്‍ക്കഹോള്‍ അംശമുള്ള സാനിറ്റൈസര്‍ വേണം ഉപയോഗിക്കാന്‍.

അരമണിക്കൂറിൽ ഒരിക്കലെങ്കിലും സാനിറ്റൈസര്‍ ഉപയോഗിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ചാലും കൈ കൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകളിലോ മൂക്കിലോ ഒന്നും സ്പര്‍ശിക്കരുത്. ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് വേണം മുഖം തുടയ്ക്കാന്‍. മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ശുചിയാക്കണം.

Read Also: Covid 19: സ്ഥിതി നിയന്ത്രണ വിധേയമെന്ന് പത്തനംതിട്ട കളക്ടര്‍

ശുചിത്വം പ്രധാനം

ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍നിന്ന് വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തിരക്കില്‍നിന്നു മാറി പൊങ്കാലയിടുകയാണെങ്കില്‍ രോഗം പടരാനുള്ള സാധ്യത കുറയും. പൊങ്കാല കഴിഞ്ഞ് വീട്ടിലെത്തിയാല്‍ നന്നായി സോപ്പ് ഉപയോഗിച്ച് ചെറു ചൂട് വെള്ളത്തില്‍ കുളിച്ചശേഷം മാത്രം അടുക്കളയില്‍ ഉള്‍പ്പെടെ പ്രവേശിക്കുക. ഉപയോഗിച്ച മറ്റു വസ്തുക്കള്‍ ശുചിയാക്കുക.

ഉയര്‍ന്ന താപനിലയില്‍ കൊറോണ വൈറസ് നിലനില്‍ക്കില്ലെന്നു പറയുന്നതിനു ശാസ്ത്രീയതയില്ല. പൊങ്കാലയിടുമ്പോള്‍ ഉയര്‍ന്ന ചൂട് ഉണ്ടാകുമെന്നതിനാല്‍ വൈറസ് ഉണ്ടാവില്ലെന്നു പറയുന്നതു മണ്ടത്തരമാണ്. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന താപനിലയുള്ള പല രാജ്യങ്ങളിലും വൈറസ് പടര്‍ന്നുകഴിഞ്ഞു. മറ്റൊരാളുടെ ശരീരത്തില്‍നിന്നോ വസ്ത്രത്തില്‍നിന്നോ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളില്‍ നിന്നോ ഒക്കെയാവും വൈറസ് പടരുക. പൊങ്കാല അടുപ്പിലെ ചൂട് നമ്മുടെ ശരീരത്തില്‍ അതേ അളവിലേക്ക് എത്തുന്നില്ലല്ലോ. സ്വയം ശുചിത്വത്തിന് ഊന്നല്‍ നല്‍കി വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണു വേണ്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus attukal ponkala precautions